ഭൂപരിഷ്കരണ നിയമപ്രകാരം 1976 ൽ ജന്മിയിൽ നിന്ന് പട്ടയം ലഭിച്ച പീച്ചി വില്ലേജിലെ ഭൂമിയിൽ നിന്ന് ഇരുപതിലേറെ കുടുംബങ്ങളെ ഈ മാസം 21നകം കുടിയൊഴിപ്പിക്കും. ഇതിനായി തൃശൂർ അഡിഷണൽ സബ് കോടതി-2ല്‍ നിന്നും അനുകൂല വിധി നേടിയ ജന്മി താലൂക്ക് സർവേയറുടെയും പീച്ചി പൊലീസിന്റെയും സംരക്ഷണവും സഹായവും തേടി.
ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നേടിയെടുത്ത കോടതിവിധിയിലൂടെയാണ് കുടിയൊഴിപ്പിക്കൽ. 75 വർഷംമുമ്പ് കുടിയാൻ കൈവശം വച്ചിരുന്നതും 1958ൽ രജിസ്റ്റർ ചെയ്ത പാട്ടക്കരാറുള്ളതും ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് 1976ൽപട്ടയം ലഭിച്ചതുമായ ഭൂമിയിൽ നിന്നാണ് ഇപ്പോൾ ഈ കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നത്. ഇനി ഇവർക്ക് കോടതികളെ ആശ്രയിക്കാനുമാവില്ല.
ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതോടെ രജിസ്റ്റർ ചെയ്ത പാട്ടശീട്ട്, വാർഷിക പാട്ടം നൽകിയതിന്റെ രസീത് തുടങ്ങിയ ആധികാരിക രേഖകൾ സമർപ്പിച്ച് കുടിയാന് ഒല്ലൂക്കര ലാന്റ്-ട്രൈബ്യൂണൽ 1976ൽ പട്ടയം നല്കിയിരുന്നു. പട്ടയം ലഭിച്ച കുടിയാൻ തന്റെ മക്കൾക്ക് ഭൂമി വീതിച്ചു നല്കുകയും അവശേഷിക്കുന്നത് പുറത്തുള്ളവർക്ക് നിയമാനുസൃതം കൈമാറ്റം ചെയ്യുകയുമായിരുന്നു. അങ്ങനെയുള്ള ആറേക്കറോളം ഭൂമിയിലെ ചെറിയ പ്ലോട്ടുകളിൽ വീട് വച്ച്, അരനൂറ്റാണ്ടോളമായി താമസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ കുടിയിറക്കപ്പെടുന്നത്.
തൃശൂർ താലൂക്ക് ലാന്റ് ബോർഡ് അന്വേഷണത്തിൽ ജന്മിക്ക് 49 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, 2005ൽ, ലാന്റ് ബോർഡ് ബന്ധപ്പെട്ട ജന്മിയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകി. എന്നാൽ, ഭൂമി ഇഷ്ടദാനമായി ലഭിച്ചതെന്ന് വാദിച്ച ജന്മിമാർ അത് തെളിയിക്കുന്നതിനായി ലാൻഡ് ബോർഡിൽ സമർപ്പിച്ച ഭൂരേഖ തീറാധാരമായിരുന്നു. വസ്തുവിന് 1000 രൂപ വില നിശ്ചയിച്ചുറപ്പിച്ചുവെന്നതും ഭൂരേഖയിലുണ്ടെന്നതാണ് ഈ വസ്തുതക്ക് ആധാരം. ഇതിനവർ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുമുണ്ട്. പക്ഷേ, നിശ്ചയിക്കപ്പെട്ട വില സ്നേഹവാത്സല്യത്താൽ വേണ്ടെന്നു വയ്ക്കുന്നുവെന്ന് ജന്മിയുടെ ഭൂരേഖയിലുണ്ട്.
ഇഷ്ടദാനമായി കൊടുക്കുന്ന ഭൂമി, ധർമ്മസ്ഥാപനങ്ങൾക്ക് നൽകുന്ന ഭൂമി, തുടങ്ങിയവയൊന്നും മിച്ചഭൂമിയായി കണക്കാക്കാൻ പാടില്ലെന്നാണ് കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ. ഇതുപ്രകാരം ജന്മിമാരുടെ വാദം അംഗീകരിച്ച ഹൈക്കോടതി താലൂക്ക് ലാന്റ് ബോർഡ് ഉത്തരവ് അസാധുവാക്കി. ഇതിനെതിരെയുള്ള സർക്കാരിന്റെ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും അനുവദിച്ചില്ല.
ദീർഘകാലമായി കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകാനാണ് സർക്കാരിന്റെ നീക്കമെന്ന് റവന്യു മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. 1971ന് മുൻപ് മുതൽ ഭൂമി കൈവശം വച്ചിരുന്നവർക്ക് നിർബന്ധമായും പട്ടയം നൽകുമെന്നും അല്ലാത്തവർക്ക് മുൻഗണനക്രമത്തിലൂടെ ഭൂമി നൽകമെന്നും ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുപ്രീം കോടതിയടക്കമുള്ള കോടതിവിധികളുടെ പിൻബലത്തിൽ പട്ടയഭൂമിയിൽ നിന്നും ഇറങ്ങേണ്ടിവരുന്നവർക്ക് ഇനി ആശ്രയിക്കാവുന്ന അവസാന വാക്ക് ഇതുമാത്രമായിരിക്കും.
പീച്ചിയിലെ ഈ കുടിയിറക്കലോടെ ഭൂപരിഷ്കരണ നിയമപ്രകാരം ജന്മിമാരിൽ നിന്ന് പട്ടയം ലഭിച്ച ചെറിയ കുടിയാന്മാരെ പതിറ്റാണ്ടുകൾക്ക് ശേഷം ജന്മിമാർതന്നെ ഇറക്കിവിടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കാൻ സാധ്യതയേറെയാണ്. ഭൂപരിഷ്കരണ നിയമത്തിൽ ജന്മിക്ക് അനുകൂലമായ ഇഷ്ടദാന വ്യാഖ്യാനത്തിന്റെ പഴുതുകളടച്ചില്ലെങ്കിൽ നിയമത്തിന്റെ അന്തസത്തയെ തന്നെ അതില്ലാതാക്കുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
English Summary: More than twenty families are being evicted
You may also like this video