Site iconSite icon Janayugom Online

വിദ്യാർത്ഥികൾക്ക് വീണ്ടും എംഎസ് സൊല്യൂഷൻസിന്റെ വാഗ്ദാനം

ചോദ്യപേപ്പർ ചോർച്ച കേസിനിടെ വിദ്യാർത്ഥികൾക്ക് വീണ്ടും വാഗ്ദാനം നൽകി എംഎസ് സൊല്യൂഷൻസ്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്ആപ്പ് വഴി അയച്ചുതരാമെന്നാണ് പുതിയ വാഗ്ദാനം. 199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് പരസ്യം. വലിയ രീതിയിൽ ഈ പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് വാഗ്ദാനം. 

ഇതിനിടെ ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബുമായി കൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഷുഹൈബ് സിഇഒ ആയി പ്രവർത്തിക്കുന്ന കൊടുവള്ളിയിലെ എം എസ് സൊല്യൂഷൻസിലും ഒളിവിൽ താമസിച്ചിരുന്ന കുന്നമംഗലത്തെ ബന്ധുവീട്ടിലുമാണ് തെളിവെടുത്തത്. ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ ഷുഹൈബിനേയും ചോദ്യങ്ങൾ ചോർത്തി കൈമാറിയ അൺഎയ്ഡഡ് സ്കൂൾ പ്യൂൺ അബ്ദുൽ നാസറിനേയും ഈ മാസം 13 വരെ താമരശ്ശേരി കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. അബ്ദുൽ നാസറിനെ അദ്ദേഹം ജോലി ചെയ്യുന്ന മലപ്പുറത്തെ സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ ഷുഹൈബ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി കഴിഞ്ഞ വ്യാഴാഴ്ചയാണ് കീഴടങ്ങിയത്. സ്കൂൾ അർധ വാർഷിക ചോദ്യപേപ്പറുകളിലെ ചോദ്യങ്ങളാണ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ മുഖേനെ ചോർത്തിയെടുത്ത് പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. 

Exit mobile version