Site iconSite icon Janayugom Online

മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകം; തെളിഞ്ഞത് കാണാതായ സ്വര്‍ണത്തിനുവേണ്ടിനടത്തിയ അന്വേഷണത്തില്‍

m rderm rder

ചെറുതനയിൽ വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ മൂന്ന് ദിവസത്തിനുള്ളിൽ പൊലീസ് പിടികൂടി. ഹരിപ്പാട് തുലാം പറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ (70) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രഹസ്യമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചന്ദ്രന്റെ സുഹൃത്ത് തുലാംപറമ്പ് വടക്കും മുറിയിൽ മാടവന കിഴക്കേതിൽ വീട്ടിൽ ഗോപാലകൃഷ്ണനെ (67) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് ചെറുതന വെട്ടുവേലിൽ ദേവീക്ഷേത്രത്തിന്റെ മുൻ ഭാഗത്തുള്ള ചെറിയ ചാലിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിലും തലയിലും ശരീരത്തിലും മുറിപ്പാടുകളുള്ള നിലയിലുമായിരുന്നു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ഭക്തർ പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കിടന്നെടുത്തു നിന്നും 100 മീറ്റർ അകലത്തിൽ റോഡിൽ ഇദ്ദേഹത്തിന്റെ സൈക്കിൾ കണ്ടെത്തിയിരുന്നു. കഴുത്തിൽ ഉണ്ടായിരുന്ന മാലയും വിരലിൽ കിടന്നിരുന്ന മോതിരവും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നെങ്കിലും മാല വീട്ടിൽ നിന്നും ലഭിച്ചിരുന്നു. കായംകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ വീയപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ അസ്വഭാവികത തോന്നിയതിനാൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ചന്ദ്രൻ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഗോപാലകൃഷ്ണനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ചന്ദ്രനോട് പണം കടം ചോദിച്ചെങ്കിലും നൽകിയില്ല. ഇതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയും ഗോപാലകൃഷ്ണൻ ചന്ദ്രനെ പിടിച്ചു തള്ളുകയും ചെയ്തു. കട്ടിളപടിയിൽ തലയടിച്ചു വീണ ചന്ദ്രനെ ഗോപാലകൃഷ്ണൻ കരുതുിവച്ചിരുന്ന തടികഷ്ണം കൊണ്ട് തലക്കു തുടർച്ചയായി അടിക്കുകയും ചെയ്തു. മരണം ഉറപ്പിച്ച ശേഷം ചന്ദ്രന്റെ കൈയിൽ കിടന്ന സ്വർണ്ണ മോതിരം ഊരിയെടുക്കുകയും തുടർന്ന് മൃതദേഹം വീടിന്റെ തെക്കുവശത്തുള്ള തോട്ടിൽ കൊണ്ട് ഇടുകയും മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ്തു. ചന്ദ്രൻ വന്ന സൈക്കിളും അയാളുടെ ചെരുപ്പും വീട്ടിൽ നിന്നും കുറച്ചു മാറി റോഡിന്റെ തെക്കുവശം കൊണ്ടുവെക്കുകയും ചെയ്തു. തുടർന്ന് കളഞ്ഞു കിട്ടിയ സ്വർണമാണ് എന്നു പറഞ്ഞു മോതിരം പണയം വെക്കാൻ മകളെ ഏൽപ്പിക്കുകയും ചെയ്തു. 

ഹരിപ്പാട്ടുള്ള ധനകാര്യസ്ഥാപനത്തിൽ മോതിരം പണയം വെച്ച് കിട്ടിയ 35000 രൂപയിൽ നിന്നും പല ആവശ്യങ്ങൾക്കുമായി ചെലവാക്കിയ ശേഷം ബാക്കി 8500 രൂപ മകളുടെ വീട്ടിലെ അലമാരിയിൽ നിന്നും പൊലീസ് കണ്ടെത്തി. കായംകുളം ഡി വൈ എസ് പി അജയനാഥ്, ഹരിപ്പാട് എസ് ഐ ഷെഫീക്ക്, വീയപുരം എസ് ഐ ബൈജു, എ എസ് ഐ ബിന്ദു, എസ് സി പി ഒ ബാലകൃഷ്ണൻ, സി പി ഒമാരായ അജിത്ത് കുമാർ, രഞ്ജിത്ത് കുമാർ, പ്രേംകുമാർ, സോണിമോൻ, നിഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

You may also like this video: 

Exit mobile version