Site iconSite icon Janayugom Online

മുഗള്‍ ചരിത്രം പുറത്ത്;വീണ്ടും എന്‍സിഇആര്‍ടിയുടെ വെട്ടിനിരത്തല്‍ ;മഹാകുംഭമേളയും മഗധ സാമ്രാജ്യവും ഇടംനേടി

പാഠപുസ്തകങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ചരിത്രത്തെ വെട്ടിമാറ്റുന്ന തലതിരിഞ്ഞ പരിഷ്കാരം അഭംഗുരം തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). ഏഴാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം വെട്ടിമാറ്റി പകരം മഗധാ സാമ്രാജ്യം ഉള്‍പ്പെടുത്തി. 2025ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയെക്കുറിച്ചുള്ള പരാമര്‍ശവും ചരിത്ര പുസ്തകത്തില്‍ ഇടം നേടി. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍ഇപി 2020) ഭാഗമായുള്ള നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ധാര്‍മ്മികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമെന്ന് വ്യാഖ്യാനിച്ചാണ് മുഗള്‍ ചരിത്രം വെട്ടിനിരത്തി മഗധ സാമ്രാജ്യം ഉള്‍പ്പെടുത്തിയത്.

ഇതോടൊപ്പം ഡല്‍ഹി സുല്‍ത്താനേറ്റ് ചരിത്രവും ഒഴിവാക്കി പകരം മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി. നിരവധി സംസ്കൃത പദങ്ങളും സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സ്ഥിരതാമസമാക്കിയ ഇടം എന്ന അര്‍ത്ഥമുള്ള ജനപഥം, പരമോന്നത ഭരണാധികാരി എന്ന വാക്കിന് പകരം സാമ്രാജ്, അധിപന്‍ എന്ന പദത്തിന് പകരം അധീരരാജ, രാജാക്കന്‍മാരുടെ രാജാവിന് പകരം രാജാധിരാജ എന്നിങ്ങനെ സംസ്കൃതം സ്ഥാനം പിടിച്ചു.

മുഗള്‍ ചരിത്രം ഒഴിവാക്കിയ എന്‍സിഇആര്‍ടി അധികൃതര്‍ ഗ്രീക്ക് ചരിത്രത്തിന് പാഠപുസ്തകത്തില്‍ ഇടം നല്‍കിയെന്നതും ശ്രദ്ധേയമാണ്. ഭാരതീയ പാരമ്പര്യം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാഠശകലങ്ങളും ചരിത്രവിശകലനങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് എന്‍സിഇആര്‍ടി പറയുന്നു. 2025 മഹാ കുംഭമേളയെ കുറിച്ചുളള ഭാഗങ്ങള്‍ക്കൊപ്പം മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെ പറ്റിയും ചാര്‍ധാം യാത്ര, ജ്യോതിര്‍ലിംഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പുതിയ പുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തി. ഇംഗ്ലീഷ് പുസ്തകത്തില്‍ ഇന്ത്യന്‍ എഴുത്തുകാരുടെ കഥകളും കവിതകളും ഉപന്യാസങ്ങളും കൂടുതലായി ഇടംപിടിച്ചു. ടാഗോര്‍, എപിജെ അബ്ദുള്‍ കലാം, റസ്‌കിന്‍ ബോണ്ട് എന്നിവരുടെ രചനകളും ഇതില്‍പ്പെടുന്നു. മുന്‍പത്തെ ഇംഗ്ലീഷ് പുസ്തകത്തില്‍ പതിനേഴ് രചനകളില്‍ നാലെണ്ണം മാത്രമായിരുന്നു ഇന്ത്യന്‍ എഴുത്തുകാരുടെത്. ഇത്തവണ 15ല്‍ ഒമ്പതും തദ്ദേശീയ എഴുത്തുകാരുടെതാണ്. കഴിഞ്ഞ വര്‍ഷം മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകത്തില്‍ പരിഷ്കാരം വരുത്തിയത് വ്യാപക വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഈ വര്‍ഷം നാല്, ഏഴ് ക്ലാസുകളിലെ പുസ്തകം പരിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഗള്‍ ചരിത്രത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും പടിക്കുപുറത്താക്കിയത്. നേരത്തെ 10, 12 ക്ലാസ് പുസ്തകങ്ങളില്‍ നിന്നും മുഗള്‍ ചരിത്രം, ഗോധ്രാ കലാപം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.

Exit mobile version