Site iconSite icon Janayugom Online

മുണ്ടക്കൈ — ചൂരല്‍മല പുനരധിവാസം യാഥാര്‍ത്ഥ്യമാകുന്നു; ടൗണ്‍ഷിപ്പ് നിർമ്മാണം ഈ മാസം തുടങ്ങും

മുണ്ടക്കൈ — ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ടൗണ്‍ഷിപ്പുകളില്‍ ഒന്നിന്റെ നിര്‍മ്മാണം ഈമാസം അവസാനത്തോടെ ആരംഭിക്കും. കല്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണമാണ് തുടങ്ങുകയെന്ന് റവന്യു മന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കും. 

ഭൂമി ഏറ്റെടുക്കുന്നതിന് യാതൊരു വിധ തര്‍ക്കങ്ങളും തടസങ്ങളുമില്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോഗ്രാഫിക്കല്‍, ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍ സര്‍വേകള്‍ പൂര്‍ത്തിയായി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സ്റ്റേയും ഉണ്ടാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് ആശ്വാസകരവും സന്തോഷകരവുമാണെന്നും മന്ത്രി പറഞ്ഞു. 

ദുരന്തബാധിതര്‍ക്ക് ഏഴ് സെന്റ് വീതമാണ് നല്‍കുന്നത്. 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടുകളാണ് പണിയുക. 20 ലക്ഷം രൂപ സ്പോണ്‍സര്‍ നല്‍കും. നിര്‍മ്മാണത്തിന് ബാക്കിവരുന്ന തുക എത്രയായാലും സര്‍ക്കാര്‍ വഹിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണം വൈകുമെന്ന തരത്തിലുള്ള പ്രചാരങ്ങള്‍ ശരിയല്ല. ഭൂമിയേറ്റെടുക്കുന്നതിലും കാലതാമസം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ സ്പോ‍ണ്‍സര്‍മാരുടെ എണ്ണം എത്രയാണെന്നും അറിയാനാകും.
വീട് നിര്‍മ്മാണത്തിനൊപ്പം തകര്‍ന്ന നാല് പ്രധാന പാലങ്ങളും ചൂരല്‍മല — അട്ടമല അടക്കം എട്ട് പ്രധാന റോഡുകളും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. പാലങ്ങളില്‍ പ്രധാനപ്പെട്ടത് നദിക്ക് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ചിരിക്കുന്ന ബെയ്‌ലി പാലമാണ്. സിംഗിള്‍ സ്പാനുകളുള്ള പാലമായിരിക്കും നിര്‍മ്മിക്കുക. പാലത്തിന്റെ തൂണുകള്‍ ഒന്നും തന്നെ നദിയിലോ നദിയുടെ തീരത്തോ വരാത്ത രീതിയിലായിരിക്കും നിര്‍മ്മാണം. ടൗണ്‍ഷിപ്പില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും. ആശുപത്രി അടക്കമുള്ളവ കല്പറ്റയില്‍ ഉള്ളതിനാല്‍ ആദ്യ ഘട്ടത്തില്‍ അവ പ്രയോജനപ്പെടുത്തും.
ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കാം. അടിയന്തര ചികിത്സകള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ചികിത്സ നല്‍കും.

Exit mobile version