Site iconSite icon Janayugom Online

മുണ്ടക്കൈ — ചൂരൽമല പുനരധിവാസം; ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന അത്യാധുനിക ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. 2025ലേക്ക് നടുക്കത്തോടെ കടന്ന കേരളം, 2026ൽ ദുരന്തബാധിതരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് നിർമ്മാണം. നിലവിൽ 207 വീടുകളുടെ വാർപ്പ് പൂർത്തിയായിക്കഴിഞ്ഞു. 1600 ഓളം ജീവനക്കാരാണ് രാപ്പകൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഓരോ വീടിനും സൗരോർജ്ജ പ്ലാന്റ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക്, ഫുട്ബോൾ ഗ്രൗണ്ട്, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ടൗൺഷിപ്പിലുണ്ടാകും.

ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി മൂന്നാം കക്ഷി പരിശോധന ഉൾപ്പെടെയുള്ള കർശനമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾക്കെല്ലാം 20 വർഷം വരെ വാറന്റിയുണ്ട്. കൂടാതെ അഞ്ചു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ കരാറുകാർ തന്നെ നിർവഹിക്കും. ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന നയത്തിന്റെ ഭാഗമായി ദുരന്തബാധിതർക്ക് ഏറ്റവും മികച്ച ജീവിതം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ മുന്നൂറോളം വീടുകളാണ് കൈമാറുക.

Exit mobile version