Site iconSite icon Janayugom Online

കണ്ണൂരില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ മരിച്ച നിലയില്‍

കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ മൂന്ന് കുട്ടികളടക്കം അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാല്‍ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്‍(12) സൂരജ്(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭര്‍ത്താവ് ഷാജി എന്നിവരെയാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്നാണ് പൊലീസ് നിഗമനം. ജീവനൊടുക്കുന്നതിന് മുന്‍പ് ശ്രീജ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാന്‍ പോവുകയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടെ നാട്ടുകാരെയും പൊലീസ് വിവരമറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും പൊലീസും വീട്ടിലെത്തിയപ്പോള്‍ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

ഒരാഴ്ച മുന്‍പാണ് ഷാജിയും ശ്രീജയും വിവാഹിതരായത്. വിവാഹശേഷം ഷാജി പാടിച്ചാലിലെ വീട്ടില്‍ ശ്രീജയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇതേച്ചൊല്ലി ആദ്യ ഭര്‍ത്താവ് സുനിലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി സുനില്‍ മറ്റൊരിടത്താണ് താമസം. ശ്രീജയ്‌ക്കെതിരെ സുനില്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ഇവരുടെ പ്രശ്‌നപരിഹാരത്തിനായി ഇന്ന് മധ്യസ്ഥ ചര്‍ച്ച നടത്താനും പൊലീസ് തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഇന്ന് കൊലപാതവും ആത്മഹത്യയും നടന്നത്.

മരിച്ച മൂന്നുകുട്ടികളും സുനിലുമായുള്ള ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. സുനിലുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജ ഷാജിയുമായി അടുപ്പത്തിലായതും വിവാഹിതരാവുന്നതും. വിവാഹശേഷം കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭര്‍ത്താവും കുട്ടികളെ കൊന്നുകളയാനിടയുണ്ടെന്നുമാണ് സുനില്‍ പൊലീസില്‍ പരാതി നല്‍കിയത്.

Eng­lish Sam­mury: Moth­er, moth­er’s friend and three chil­dren died in kannur

Exit mobile version