ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പേര്‍ അറസ്റ്റില്‍. പിടിയിലാവര്‍ കൊളംബിയന്‍ പൗരന്മാരാണെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയും കൊളംബിയക്കാരനാണ്. ആന്ദ്രെസ് എം, ജോസ് എൻ, എഡിജി, കാമിലോ ആർ, ജൂൾസ് സി, ജോൺ റോഡ്രിഗസ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഘത്തിന്റെ പക്കൽ നിന്ന് ഒരു റൈഫിൾ, ഒരു സബ് മെഷീൻ ഗൺ, നാല് പിസ്റ്റളുകൾ, മൂന്ന് ഗ്രനേഡുകൾ, നാല് പെട്ടി വെടിമരുന്ന്, രണ്ട് മോട്ടോർ ബൈക്കുകൾ, മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാഹനം എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കൊലപാതകമെന്ന് പ്രസിഡന്റ് ഗില്ലെർമോ ലാസോ പറഞ്ഞു. 60 ദിവസത്തെ ദേശീയ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും മുന്‍ നിശ്ചയിച്ച പ്രകാരം ഈ മാസം 20 ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ലാസോ വ്യക്തമാക്കി. അന്വേഷണത്തില്‍ യുഎസ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്ലാവിസെൻസിയോയ്ക്ക് കഴിഞ്ഞ മാസം ലോസ് ചോനെറോസ് എന്ന സംഘത്തിൽ നിന്ന് ഭീഷണികൾ ലഭിച്ചിരുന്നു. കൊലപാതകത്തിനു പിന്നാലെ ആയുധധാരികളായ ഒരു സംഘം ആളുകൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. ലോസ് ചോനെറോസിന്റെ എതിരാളികളായ ലോസ് ലോബോസാണെന്നാണ് സംഘം അവകാശപ്പെട്ടത്.
വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം, ലോസ് ലോബോസ് അംഗങ്ങളാണെന്ന് അവകാശപ്പെട്ടെത്തിയ ഒരു സംഘം കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ക്വിറ്റോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയ്ക്ക് വെടിയേറ്റത്. ഫെര്‍ണാണ്ടോ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കടന്നെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
English Summary;Murder of Ecuadorian presidential candidate: six arrested
You may also like this video