അങ്കമാലി കറുകുറ്റിയിൽ ആറു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട സംഭവത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് അമ്മൂമ്മ ഇന്നലെ പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മൂമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആറു മാസം പ്രായമുള്ള ഡൽന മരിയ സാറയെന്ന കുഞ്ഞിനെ കറുകുറ്റി കരിപ്പാലയിലെ വീട്ടിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ അച്ഛൻ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞിൻ്റെ മാതാപിതാക്കളായ ആൻ്റണിയും റൂത്തും, അമ്മൂമ്മയും, അപ്പൂപ്പനുമായിരുന്നു രാവിലെ വീട്ടിലുണ്ടായിരുന്നത്. അമ്മ റൂത്ത്, അമ്മൂമ്മ റോസ്ലിയുടെ അടുത്ത് കുഞ്ഞിനെ കിടത്തി പോയി കുറച്ചുസമയത്തിനുള്ളില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മൂമ്മയെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അശുപ്രത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന റോസ്ലിനെ വൈകിട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

