Site iconSite icon Janayugom Online

ക്ഷേത്രോത്സവത്തിനിടയിൽ യുവാവിന്റെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കുശേഷം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ആലപ്പഴ കാർത്തികപ്പള്ളി കണ്ണമ്പള്ളി കൊച്ചുപള്ളിക്ക് സമീപം വാലക്കര കിഴക്കതിൽ വീട്ടിൽ ശീമാട്ടി എന്ന് വിളിക്കുന്ന സജീവിനെയാണ് (43 വയസ്) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് ഉത്തരവായത്. 20ന് രാത്രി 8.45 മണിയോട് കൂടി ഇരവിപുരം താന്നി സ്വർഗപുരം ക്ഷേത്രത്തിലെ ഉത്സവസമാപന ദിവസം രാത്രി ഉത്സവ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു സംഭവം. 

ഇരവിപുരം താന്നി സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപം കടപ്പുറം പുരയിടത്തിൽ താമസിക്കുന്ന ജാസ്മനെ(26)യാണ് പ്രതി കുത്തി കൊലപ്പെടുത്തിയത്. മരിച്ച ജാസ്മനും കേസിലെ രണ്ടാം സാക്ഷിയായ അച്ചു ആനന്ദും തമ്മിൽ താന്നി ജങ്ഷനിൽ നിന്നും കടപ്പുറത്തേക്ക് പോകുന്ന റോഡിൽ സംസാരിച്ച് നിൽക്കെ അവിടെ എത്തിയ പ്രതിയും ജാസ്മനും തമ്മിൽ വഴക്കുണ്ടാവുകയും കൈവശം കരുതി വച്ചിരുന്ന കത്തി വച്ച് പ്രതി ജാസ്മന്റെ കഴുത്തിലും വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തിരുന്ന ജാസ്മനെ മയ്യനാട് വിശ്വനാഥൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി വിനോദ് ഹാജരായി. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ എം സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന പങ്കജാക്ഷന്‍ പി ആണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടറായിരുന്ന പി അനിൽ കുമാറാണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അസിസിറ്റന്റ് സബ് ഇൻസ്പെക്ടർ എ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Exit mobile version