മരിക്കുന്നതിന് മുൻപ് മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയെ ഒന്ന് കാണണമെന്ന ആഗ്രഹം പങ്കുവെച്ച് ഫിലോമിന. ‘ഞങ്ങളുണ്ട് കൂടെ’ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിച്ച 108-ാം ജന്മദിന ആഘോഷ ചടങ്ങിലാണ് ഫിലോമിന കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നായിരുന്നു ഫിലോമിനയുടെ ജന്മദിനം ആഘോഷിച്ചത്. ഫിലോമിനയുടെ കൊച്ചുമകനും മമ്മൂട്ടിയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ വീട്ടിലുണ്ട്. ഈ ഫോട്ടോയിൽ നോക്കിയാണ് മമ്മൂട്ടിയെ നേരിൽ കാണണം എന്ന ആഗ്രഹം ഫിലോമിന പറഞ്ഞത്.
പണ്ടേ മമ്മൂട്ടിയുടെ ആരാധികയാണ് ഫിലോമിന. പാലിയേറ്റീവ് കെയർ സിനീയർ ഡോക്ടർ ഗീത കെയ്‌ക്ക് മുറിച്ച് ഫിലോമിനയ്ക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡന്റ് എ എൻ സജീവൻ, ബ്ലഡ് ഡൊണേഷൻ ഫോറം ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിജാ ഫ്രാൻസിസ്, കെ. രാമൻകുട്ടി, ഫാ. ജോയി അയനിയാടൻ, ഫാ. അലക്സ് തേജസ്, മാവേലിയായി എത്തിയ പൊന്നുരുന്നിയിലെ നാടക കാലാകാരൻ ജോസ് മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.

