തൃശൂരിലെ കോൺഗ്രസ് തോൽവി സംബന്ധിച്ച് പഠിച്ച കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ കെ സുധാകരനും വി ഡി സതീശനും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കാസർകോട് ജില്ലയിൽ വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനാണ് ബിജെപിയുമായി ബന്ധമെന്നതിന് തെളിവാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം. 86,000 വോട്ട് കോൺഗ്രസിന്റേത് കുറഞ്ഞു. അവിടെ മൂന്നാം സ്ഥാനത്തായതിനാൽ അടി തുടങ്ങി. ഇതേ തുടർന്നാണ് കമ്മീഷനെ വച്ചത്. മാസം കുറെയായിട്ടും അതിന്റെ റിപ്പോർട്ട് പുറത്തു വിടുന്നില്ല. പുറത്തുവിട്ടാൽ മറ്റൊരു ഹേമാ കമ്മറ്റി റിപ്പോർട്ട് പോലെയാകും അത്. ബിജെപി ജയിക്കരുതെന്നാണ് കേരളത്തിലെ 80 ശതമാനം ജനങ്ങളും വിചാരിക്കുന്നത്. അത്തരം ചിന്താഗതിയിൽ വെള്ളം ചേർത്താണ് കോൺഗ്രസ് ബിജെപിയെ ജയിപ്പിച്ചത്.
തൃശൂർ കൂടാതെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റും ആലപ്പുഴ സീറ്റ് പകരമെടുത്ത്, കേരളത്തിലെ കോൺഗ്രസ് ബിജെപിക്ക് ദാനം നൽകി. അതോടെ രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷവുമായി.
എഡിജിപി ആർഎസ്‌എസ് നേതാവിനെ കണ്ടതിൽ സിപിഐ എമ്മിന് ബന്ധമുണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണ്. എല്ലാ അർഥത്തിലും ആർഎസ്‌എസുമായി പോരാടുന്ന പാർടിയാണ് സിപിഐ എം.
എഡിജിപി ആരെ കണ്ടാലും പാർട്ടിക്ക് പ്രശ്‌നമില്ല. ആരെ കാണുന്നു എന്നത് സി പി എമ്മുമായി കൂട്ടിക്കുഴയ്ക്കണ്ട കാര്യവുമില്ല. എഡിജിപിയുടെ കാര്യത്തിൽ സിപിഐക്ക് മാത്രമല്ല, ഞങ്ങൾക്കും തൃപ്‌തിയില്ലായ്‌മയുണ്ട്. പിവി അൻവർ പരാതി കേൾക്കാൻ പ്രത്യേക വാട്‌സാപ്പ് നമ്പർ വക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളുടെ ചോദ്യത്തോടും പ്രതികരിച്ചു.