കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സബ് ആർടിഒ ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫറോക്ക് സബ് ആർടിഒയുടെ കീഴിലുള്ള ഒരു വാഹനപുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐഡിയുടെ ബ്ലോക്ക് നീക്കം ചെയ്യാൻ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാർ ഇ യെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരൻ ജലീലിന്റെ അഴിഞ്ഞിലത്തെ വീട്ടിൽ ഫിനോഫ്തെലിൻ പുരട്ടിയ പണം എത്തിച്ച് നൽകി. പിന്നാലെ മഫ്തിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട ജലീൽ ഉടൻ പണം അടുക്കളയിൽ ഒരു ചാക്കിനുള്ളിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലിത്തുക കണ്ടെത്തി. ജലീലിനെതിരെ നേരത്തെ നിരവധി തവണ പരാതി ലഭിച്ചിരുന്നു. ജലീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
English Summary; MVI vigilance caught while accepting bribe
You may also like this video