കുടുംബശ്രീ സ്റ്റാളിൽ ചിരട്ടകൊണ്ടൊരു വിസ്മയം
ചിരട്ടയിൽ ഗണപതിയും മയിലും കൊക്കും വാൽകണ്ണാടിയും എല്ലാം മാറി മറിഞ്ഞുവരുന്നൊരു വിസ്മയം. അതെ നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണന മേളയിൽ ഏറ്റുമാനൂർ ബ്ലോക്ക് കുടുംബശ്രീ എസ് വി ഇ പി സംരംഭകരുടെ സ്റ്റാളിൽ ഇവയൊക്കെ വിസ്മയം തീർക്കുന്നുണ്ട്. നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് എ ഡി എസ് ഗ്രൂപ്പിലെ ലക്ഷ്മി കുടുംബശ്രീയിലെ ബിജിയുടെ ഭർത്താവ് സന്തോഷ് കെപി യാണ് ചിരട്ടയിൽ കൗതുകം സൃഷ്ടിക്കുന്നത്. ചിരട്ടകൊണ്ടുള്ള ഗണപതി, വാൽകണ്ണാടി മയിൽ, കൊക്ക്, ഉരുളി, ഹൗസ്ബോട്ട് എന്നിങ്ങനെ നമ്മുടെ വീടിനെ അലങ്കരിക്കാവുന്ന വിവിധ ഐറ്റംസും, കൂടാതെ അടുക്കളയിലേക്കുള്ള മരത്തവികൾ, ജഗ്ഗ്‌കൾ, ഗ്ലാസുകൾ, ചിരട്ടപുട്ടു കുറ്റികൾ എന്നിവയും സ്റ്റാളിലുണ്ട്. ചിരട്ട കൊണ്ടുള്ള വിവിധ ഐറ്റംസ് കാഴ്ചകാർക്ക് പുതുമയേകുന്നുണ്ട്. ഇതുകൂടാതെ ഏറ്റുമാനൂർ ബ്ലോക്ക് സംരംഭകരുടെ ഉത്പന്നകളായ ഔഷധഗുണമുള്ള കരിനെല്ലിക്ക അച്ചാർ, കണ്ണിമാങ്ങഅച്ചാർ, ഈന്തപഴം — നാരങ്ങ അച്ചാർ, വിവിധ തരം സ്നാക്ക്സ്, കുടുംബശ്രീ തനത് ഉത്പന്നകളായ പൊടി ഐറ്റംസ്, സോപ്പുകൾ, കഷായ ഷാംപൂ, റോസ്മേരി വാട്ടർ, ചാർക്കോൾ സോപ്പ്, പൊട്ടറ്റോ സോപ്പ് കുക്കുംബർ ജെൽ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്.
വയലിൻ തന്ത്രിയിൽ വിസ്മയം തീർത്ത് രൂപാ രേവതി
വയലിൻ കൊണ്ട് എൻ്റെ കേരളം മേളയെ ത്രസിപ്പിച്ച് രൂപാ രേവതിയുടെ വയലിൻ ഫ്യൂഷൻ. പഴയതും പുതിയതും മലയാളവും മറ്റു ഭാഷകളും കൂട്ടിയിണക്കിയുള്ള രൂപയുടെ ബാൻഡിൻ്റെ പ്രകടനം തിരക്കേറിയ ഞായറാഴ്ചയുടെ സായാഹ്നത്തെ പ്രകമ്പനം കൊള്ളിച്ചു. എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ രൂപ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ വേറിട്ട ദൃശ്യ‑ശ്രവ്യ അനുഭവം പകര്‍ന്നു.
ആനച്ചന്തം.. ഇത് മേളച്ചന്തം
എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന്‍ എന്ന ‘കൊമ്പനെ’ കാണാം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ അതേ ഗാംഭീര്യമാണ് ഇവന്. തുമ്പി കുലുക്കി ചെവികളാട്ടി നില്‍ക്കുന്ന ഈ ഇലക്ടിക്ക് ആന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്ന് കാട്ടുകയാണ് ഈ സ്റ്റാളില്‍.
തൊട്ടപ്പുറത്തെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12-ഓളം സ്ത്രീകളുടെ കരവിരുതാണ് ഇവ. ഒന്നര അടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചുനല്‍കും. 2022 മുതല്‍ ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന സംഘം പ്രധാനമായും തൃശൂര്‍, കൊല്ലം മേഖലയില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ എടുക്കുന്നത്.
കുട്ടിപ്പട്ടാളത്തിന്റെ മനം കവര്‍ന്ന് ചോക്ലേറ്റ്; നാവില്‍ രുചിയൂറും
ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണാനും വാങ്ങാനും എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ അവസരം. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ മണിമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രോഡ്യൂസര്‍ കമ്പനിയുടെ ബെല്‍ മൗണ്ട് ചോക്ലേറ്റാണ് ഇവിടുത്തെ താരം. മേളയില്‍ എത്തുന്ന കുട്ടികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് കൊക്കോ ചോക്ലേറ്റും ഐസ്‌ക്രീമും.
കൊക്കോയില്‍ നിന്ന് ചോക്ലേറ്റ് ഉല്‍പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ഇവിടെനിന്ന് മനസ്സിലാക്കാം. അതോടൊപ്പം വിവിധ രുചിഭേദങ്ങളിലുള്ള ഐസ്‌ക്രീമുകളും കൊക്കോ പാനീയവും കോക്കോ ബട്ടറും ലഭ്യമാണ്. പ്രകൃതിദത്തവിഭവങ്ങളായ കോക്കോയുടെ തോട്, ചിരട്ട, പൈനാപ്പിള്‍ എന്നിവയിലാണ് ഐസ്‌ക്രീമുകള്‍ നിറച്ചിരിക്കുന്നത്. വാഴൂര്‍ ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കര്‍ഷകര്‍ക്ക് കൊക്കോ തൈകള്‍ വിതരണം ചെയ്യുകയും അവരില്‍ നിന്ന് കൊക്കോ വാങ്ങുകയും ചെയ്യും.
ബോധവല്‍ക്കരണ സന്ദേശത്തിലൂടെ വേറിട്ട അനുഭവമായി ഹരിതകര്‍മ സേനാ സംഗമം
മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങളുടെ സംഗമം ബോധവല്‍ക്കരണ സന്ദേശത്തിലൂടെ വേറിട്ട അനുഭവമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്താണ് സേനാസംഗമവും ആദരിക്കല്‍ ചടങ്ങും നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ പങ്ക് വലുതാണെന്നും അവരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തിയുടെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്നതരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കിയായിരുന്നു സംഗമം. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളാണ് മാലിന്യനിര്‍മാര്‍ജന ത്തിന്റ ആവശ്യകതയെ സ്‌കിറ്റ് രൂപത്തില്‍ അവതരിപ്പിച്ചത്. മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് ഹരിതകര്‍മ സേന നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും അധികവരുമാനനേട്ടങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. കടുത്തുരുത്തി, പായിപ്പാട് ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിവിധ വകുപ്പുകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജും മികച്ച ഡിപ്പാര്‍ട്ട്‌മെന്റിനുള്ള പുരസ്‌കാരം ആരോഗ്യവകുപ്പും ഏറ്റുവാങ്ങി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ലഭിച്ച ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്തിനെ ചടങ്ങില്‍ ആദരിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ചിറ്റേത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ‚ശുചിത്വമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ .പ്രിയ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. അനീസ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി. പി. ശ്രീശങ്കര്‍, കിലാ ഫെസിലിറ്റിറ്റേര്‍ ബിന്ദു അജി എന്നിവര്‍ പങ്കെടുത്തു.
സ്വയം പര്യാപ്തതയിലേക്ക് ചുവടുവെച്ച് കര്‍ഷകക്കൂട്ടം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തിയ കര്‍ഷകത്തൊഴിലാളി സംഗമത്തില്‍ പച്ചക്കറിക്കൃഷിയുടെ അത്ഭുതലോകത്ത് മുന്നേറാനുള്ള അടിസ്ഥാന പാഠങ്ങളാണ് കര്‍ഷകര്‍ക്ക് പകര്‍ന്നു കിട്ടിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍, മണ്ണ്, കൃത്യമായിട്ടുള്ള രോഗകീട നിയന്ത്രണം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാനുവല്‍ അലക്‌സ് സംസാരിച്ചു. സമഗ്ര പച്ചക്കറി കൃഷി യജ്ഞം എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാറില്‍ തൈകളുടെ നടീല്‍ പ്രായവും ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ പച്ചക്കറികളും ചര്‍ച്ച ചെയ്തു. പച്ചക്കറികള്‍ക്ക് ആവശ്യമായ 17 മൂലകങ്ങള്‍ നല്‍കുന്ന വളങ്ങളുടെ അളവുകളെയും ഗുണങ്ങളെയുംപറ്റിയുള്ള ക്ലാസ്സും കര്‍ഷകര്‍ക്ക് വിജ്ഞാനപ്രദമായി. രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും ഉപരിയായി ഇന്ന് പച്ചക്കറി കൃഷിയില്‍ വില്ലന്മാരായിത്തീര്‍ന്നിരിക്കുന്ന കളകള്‍ വിളവില്‍ ഏറ്റവും കൂടുതല്‍ ശതമാനം ഇടിവുണ്ടാക്കുന്നു എന്ന് പ്രൊഫ. മാനുവല്‍ അലക്‌സ് പറഞ്ഞു.
കോഴാ ആര്‍.എ.റ്റി.റ്റി.സി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സൂസമ്മ , ഉഴവൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

