Site icon Janayugom Online

പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തി നദ്ദ; ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍

J P Nadda

പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദയ്ക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ച് വിദ്യാര്‍ത്ഥികള്‍. പട്‌ന സര്‍വകലാശാലയെയെ കേന്ദ്ര സര്‍വകലാശാലയാക്കി മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതിലുള്ള പ്രതിഷേധമായാണ് വിദ്യാര്‍ത്ഥികള്‍ നദ്ദയ്ക്ക് നേരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്.വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് ഇവര്‍ക്ക് നേരെ ലാത്തി വീശിയതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

ബിജെപിയുടെ സംയുക്തമോര്‍ച്ച എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന റോഡ്‌ഷോക്ക് ശേഷം കോളേജിലെത്തിയതായിരുന്നു നദ്ദ. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്.ബിഹാറിലെ പട്‌ന യൂണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം.കോളേജിലെത്തിയ നദ്ദയ്ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ദേശീയ വിദ്യാഭ്യാസ നയത്തില്‍ തിരുത്തല്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യമുന്നയിച്ചതായി പരാമര്‍ശിക്കുന്നുണ്ട്.

ബിജെപിയുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നദ്ദ. ഞായറാഴ്ചയോടെയായിരിക്കും ചടങ്ങുകള്‍ സമാപിക്കുക. സമാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദയ്‌ക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംസ്ഥാനത്തെ പൊലീസ് വകുപ്പിനുണ്ടായ വീഴ്ചയാണെന്ന് സംസ്ഥാന ബി.ജെ.പി നേതാവ് ജീവന്‍ കുമാറിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒരു ദേശീയ നേതാവ് സന്ദര്‍ശിക്കുന്ന സ്ഥലത്ത് കൃത്യമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ബിജെപി-ജെഡിയു സഖ്യസര്‍ക്കാരാണ് പട്‌ന ഭരിക്കുന്നതെന്നിരിക്കെ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി നടത്തുന്ന പരിപടികളില്‍ ജെ.ഡി.യു തൃപ്തരല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പട്‌ന സര്‍വകലാശാലക്ക് കേന്ദ്ര സര്‍വകലാശാല പദവി നല്‍കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ)യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധിച്ചത് 

Eng­lish Sum­ma­ry: Nad­da came to vis­it the col­lege where he stud­ied; Go back and call the students

You may also like this video:

Exit mobile version