Site iconSite icon Janayugom Online

നാഗാലാന്‍ഡ് കൂട്ടക്കൊല: ന്യായീകരിച്ച് കേന്ദ്രം

Mon: Coffins of the 13 people who were allegedly killed by Armed Forces, during their funeral in Mon district, Monday, Dec. 6, 2021. (PTI Photo)(PTI12_06_2021_000219B)

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ മരിച്ച ഗ്രാമീണരുടെ എണ്ണം 15 ആയി. അതേസമയം സംഭവത്തില്‍ സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ രംഗത്തെത്തി. സംഭവത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധമുയർത്തിയതിനു പിന്നാലെയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് വാഹനം പോകാൻ ശ്രമിച്ചപ്പോൾ, തീവ്രവാദികളെന്ന സംശയത്തിലാണ് സൈന്യം വെടിവയ്പ് നടത്തിയതെന്ന് അമിത് ഷാ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. രണ്ടാമത് ആത്മരക്ഷാര്‍ത്ഥം സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം ഉയർത്തിയ വലിയ പ്രതിഷേധത്തിനിടെ അദ്ദേഹം രാജ്യസഭയിലും ഇതേ പ്രസ്താവന വായിച്ചു. സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭാ നടപടികൾ ബഹിഷ്കരിച്ചു. വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സൈന്യം പ്രഖ്യാപിച്ച അന്വേഷണത്തില്‍ മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കി. ഇന്റലിജന്‍സ് വീഴ്ച, പ്രദേശവാസികളുമായി നടന്ന സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ സൈന്യം അന്വേഷിക്കും. ഗ്രാമീണരുടെ കൂട്ടക്കൊലക്കെതിരെ നാഗാലാൻഡില്‍ പ്രതിഷേധം തുടരുകയാണ്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയില്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. നാഗാ സംഘടനയായ എന്‍എസ്എഫ് പ്രഖ്യാപിച്ച ബന്ദ് സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. ആറ് ദിവസത്തെ ദുഃഖാചരണത്തിനും ഗോത്ര സംഘടനകള്‍ ആഹ്വാനം ചെയ്തു.

മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹായധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാന്‍ഡ് അഞ്ചുലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഓടിങ് ഗ്രാമത്തിലാണ് കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് സൈന്യത്തിനെതിരെ ജനങ്ങള്‍ തിരിയുകയായിരുന്നു. മോൺ ജില്ലാ ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് വളഞ്ഞ ജനക്കൂട്ടത്തിന് നേരെ രാത്രിയിലുണ്ടായ വെടിവയ്പ്പിലും ഒരാൾ കൊല്ലപ്പെട്ടിരുന്നു.

സൈനികര്‍ക്കെതിരെ കൊലക്കുറ്റം

കൊഹിമ: ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 21 പാരാ സ്പെഷല്‍ ഫോഴ്സിനെതിരെ നാഗാലാന്റ് പൊലീസ് കേസെടുത്തു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സായുധസംഘത്തിന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ 21 പാരാ സ്പെഷല്‍ ഫോഴ്സ് നടത്തിയ ആക്രമണം പൊലീസിനെ അറിയിച്ചിരുന്നില്ല. വാഹനത്തിനുനേര്‍ക്ക് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

വിഘടനവാദികളെന്ന് വരുത്താന്‍ ശ്രമം 

വെടിവയ്പ്പിന് ശേഷം വിഘടനവാദികളാണ് കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ക്കാന്‍ സൈന്യം ശ്രമം നടത്തിയതായി പൊലീസ് കമ്മിഷണര്‍ റോവിലാത്വോ മോര്‍ ഡിജിപി ടി ജോണ്‍ ലോങ്‌കുമെറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ട് മറ്റ് ഗ്രാമീണര്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു സൈനികര്‍. അസമിലെ 21 പാരാ സ്പെഷല്‍ ഫോഴ്സിന്റെ ബേസ് ക്യാമ്പിലേക്ക് മാറ്റാനായിരുന്നു നീക്കം. ഇവരുടെ വേഷം അഴിച്ചുമാറ്റി വിഘടനവാദികളുടെ കാക്കി വസ്ത്രം ധരിപ്പിക്കാനും സൈന്യം ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് സൈന്യവുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് ഗ്രാമീണരെ നയിച്ചതെന്നും കൂടുതല്‍പേരുടെ മരണത്തിന് കാരണമായതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish sum­ma­ry; Naga­land Mas­sacre: Cen­ter justified

you may also like this video;

Exit mobile version