കുറെക്കാലമായി ഇങ്ങനെയാണ്, പരസ്യ ലോകത്തിന്റെ ശൈലിയിലാണ് നമ്മുടെ കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നത്. വിപണിയിലെ ഏറ്റവും മെച്ചമായതും ഉപഭോക്താവിന് ഏറ്റവും പ്രയോജനകരവുമായ ഉല്പന്നം എന്ന വാഗ്ദാനത്തോടെയാണ് കച്ചവടലോകം ഓരോന്നും വിപണിയിൽ അവതരിപ്പിക്കുന്നത്. പക്ഷെ ഫലത്തിൽ സമാന ഉല്പന്നങ്ങളിൽ നിന്നും ഗുണത്തിൽ അതിന് വലിയ വ്യത്യാസം ഒന്നും കാണില്ല, ചിലപ്പോൾ മോശവുമാകാം. ഭാരത സർക്കാർ പ്രതിരോധ മേഖലയിൽ സേനാംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വരുത്തുന്ന പരിവർത്തനത്തെക്കുറിച്ചാണ് ഈ ആമുഖത്തിലൂടെ പരാമർശിച്ചത്. പേര് “അഗ്നിപഥ്”. അതിൽ ചേർന്ന് വിരമിക്കുന്ന ചെറുപ്പക്കാർ “അഗ്നിവീർ”: മനോഹരമായ പേരുകൾ! ഇതേ ശൈലി തന്നെയാണ് നോട്ട് നിരോധനത്തിലും കാർഷിക നിയമത്തിലും പൗരത്വ ഭേദഗതി നിയമത്തിലും പിന്തുടർന്നത്. ഇവയിലെല്ലാം ഒളിച്ചിട്ടത് അപകടകരമായ ഫാസിസ്റ്റ് അജണ്ടയും. മുൻപുണ്ടായവയെക്കാൾ ഒരു പക്ഷെ രാജ്യത്തിന്റെ സുരക്ഷയെത്തന്നെ അപകടത്തിലാക്കാവുന്ന കൂടുതൽ ഗൗരവമുള്ള വിഷയമാണിത്. പോയദിനങ്ങളിൽ ഈ വിഷയം ഒരുവിധം എല്ലാ മാധ്യമങ്ങളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഇനി ഒന്നുകൂടെ വേണമോ എന്ന് ചോദിച്ചേക്കാം. ഒരു വർഷത്തിലധികം നീണ്ടുനിന്ന കർഷക സമരത്തിന്റെ കാര്യത്തിൽ എന്നപോലെ, ഇക്കാര്യത്തിലും ജനകീയാഭിപ്രായ രൂപീകരണവും പ്രതിഷേധ ശബ്ദങ്ങളും നിരന്തരമായി ഉയർന്നുകൊണ്ടേ ഇരിക്കണം സർക്കാരിന്റെ വിവേകബുദ്ധിയെ ഉണർത്താൻ എന്നാണ് തോന്നുന്നത്. ആവർത്തിച്ച് പറയട്ടെ, ഈ പരിഷ്കാരം പ്രയോജനത്തെക്കാൾ ദോഷകരമായ അനേക ഘടകങ്ങൾ ഉള്ളതാണ്.
ഇതുകൂടി വായിക്കൂ : അമേരിക്കയിൽ ഇല പൊഴിക്കും കാലം
ഏറ്റവും അപകടകരം ഈ തീരുമാനത്തോടനുബന്ധിച്ച് ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും തലവന്മാരുടെ പങ്കാളിത്തമാണ്. ഒരു ജനാധിപത്യ രാജ്യത്തെ ഏത് തീരുമാനവും പ്രാഥമികമായി രാഷ്ട്രീയ തീരുമാനമായിരിക്കണം. അത് എക്സിക്യൂട്ടീവ്, രാജ്യ സുരക്ഷ എന്നീ വിഭാഗങ്ങൾ അനുസരിച്ച് നടപ്പാക്കും. ജുഡീഷ്യറി അതിന്റെ ന്യായാന്യായങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കും. മന്ത്രിസഭയുടെയും പാർലമെന്റ്/നിയമസഭകളുടെയും ഭരണഘടനാപരമായ തീരുമാനങ്ങളിൽ ജുഡീഷ്യറിക്ക് പോലും ഇടപെടാൻ സാധിക്കില്ല. അങ്ങനെയിരിക്കെ നമ്മുടെ ഒരു അയൽ രാജ്യത്ത് നടപ്പായിരിക്കുന്ന ശൈലിപോലെ പട്ടാളം തീരുമാനമെടുക്കുകയും മന്ത്രി അത് പ്രഖ്യാപിക്കുകയും അതേക്കുറിച്ചുയരുന്ന ചോദ്യങ്ങൾക്ക് മൂന്ന് സൈനിക മേധാവികളും ചേർന്ന് പത്രസമ്മേളനം വിളിച്ച് വിശദീകരണം നല്കുകയും ചെയ്യുന്നത് അതീവ ഗുരുതരമായ സാഹചര്യമാണുണ്ടാക്കുന്നത്. ജനാധിപത്യ ശൈലിയിൽ നടക്കേണ്ട ചർച്ചകളൊന്നും ജന മധ്യത്തിൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. പട്ടാളത്തിന്റെ മേഖലയിൽ മാത്രം ചർച്ച നടത്തി രൂപീകരിച്ച ഈ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്ന യുവാക്കളുമായിപ്പോലും ചർച്ച ചെയ്തിട്ടില്ല. കോവിഡിന് മുൻപ് സൈന്യത്തിലേക്ക് ചേർക്കുന്നതിന്റെ ഭാഗമായി കായികക്ഷമതാ പരിശോധന നടത്തി എഴുത്തു പരീക്ഷയ്ക്കായി, കഴിഞ്ഞ രണ്ട് വർഷമായി ഒരു സുരക്ഷിതവും അഭിമാനകരവുമായ ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കായ തൊഴിൽരഹിതരായ യുവാക്കളുടെ കാര്യം പരിഗണിച്ചുമില്ല. സ്വന്തം അധ്വാനത്തിൽ നിന്നുള്ള വരുമാനം ബാങ്കിൽ നിക്ഷേപിച്ചിട്ട് അത് പിൻവലിക്കാൻ ബാങ്കുകളുടെ മുൻപിൽ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ച സാധാരണക്കാരുടെ അവസ്ഥയാകുമോ ഇവർക്കും എന്നും അവരുടെയും കൂടെ വോട്ട് നേടി ജയിച്ച് അധികാരത്തിലെത്തിയ ഭരണ വർഗം ആലോചിച്ചില്ല.
ഇതുകൂടി വായിക്കൂ; സംഭവം ഒന്ന് കണ്ടെത്തലുകൾ രണ്ട്
സൈന്യം സ്വന്തം രാജ്യത്തെ യുവാക്കൾക്കെതിരെ പ്രഖ്യാപിച്ച യുദ്ധമാണിത് എന്നുപറഞ്ഞാൽ അത് അതിശയോക്തിയാകുമെന്ന് കരുതാനൊക്കില്ല. സൈന്യത്തിന് ജനാധിപത്യ സർക്കാരിന്റെ മേൽ സ്വാധീനം ലഭിക്കുന്ന സാഹചര്യം ഇന്നല്ലെങ്കിൽ നാളെ ഇതുമൂലം സൃഷ്ടിക്കപ്പെട്ടേക്കാം. ഇത് നമുക്കനുവദിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നിർണായകമായ ഇടപെടൽ നടത്താൻ സാധ്യതയുള്ള ജുഡീഷ്യറി “അവധിക്കാലം” കഴിയട്ടെ എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു എന്നത് ഖേദകരമാണ്. അഗ്നിപഥ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട് നാലു വർഷത്തെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ഇരുപത്തൊന്നര വയസുകാർ മുതൽ ഇരുപത്തഞ്ച് വയസുകാർ വരെയായിരിക്കും. ഇരുപത്തൊന്ന് വയസിൽ ജോലിയിൽ നിന്നും വിരമിക്കുന്നവർ എന്ന അത്യപൂർവമായ സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നത്. ദിനംതോറും മൂല്യം കുറയുന്ന പതിനൊന്നു ലക്ഷം രൂപകൊണ്ട് ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ ഇവർ മിഴിച്ചു നിൽക്കും. ഇവർക്ക് മറ്റ് തൊഴിൽ മേഖലകളിൽ സംവരണം ലഭിക്കും എന്ന വാഗ്ദാനത്തിന്, അക്കാര്യത്തിൽ അല്പമെങ്കിലും സാധ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ദിനംതോറും വിറ്റു തുലയ്ക്കുമ്പോൾ അരക്ഷിതത്വം നിറഞ്ഞ സ്വകാര്യ മേഖലയിൽ, എന്ത് പ്രസക്തിയാണുള്ളത്? ഈ പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ കൊണ്ടുവന്ന ഈ വാഗ്ദാനം തന്നെ മതി ഇക്കാര്യത്തിൽ വേണ്ടത്ര ആലോചന നടത്തിയിട്ടില്ല എന്നതിന് തെളിവ്. അതുപോലെ തന്നെയുള്ള മറ്റൊരു തെളിവാണ് കോവിഡിന്റെ കാലമായ രണ്ട് വർഷം കൂടെ പ്രായ പരിധിയിൽ വർധിപ്പിച്ചത്. പിന്നെയും വന്നു വഗ്ദാനങ്ങൾ: ബിജെപി ഓഫീസുകളിൽ കാവൽക്കാരായി നിയമിക്കും എന്നാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി നൽകുന്ന വാഗ്ദാനം! അപ്പോൾ കാക്കിയും വെള്ളയും കുറുവടിയുമായി പരിശീലനം നേടിയവരെ എന്ത് ചെയ്യും ആവോ! അതോ അവരിൽ നിന്നായിരിക്കുമോ ഇപ്പറഞ്ഞ രീതിയിൽ നാല് വർഷത്തെ പരിശീലനത്തിന് സൈന്യത്തിൽ ചേർക്കുന്നത്? ഇതും ഒരു ആശങ്കയാണ്. വളരെ ശ്രദ്ധയോടെ ചെറുപ്പക്കാരെ ചാവേറുകളാക്കി പട്ടാളത്തിലൂടെ, രാജ്യത്തിന്റെ ചെലവിൽ സ്വന്തം പാർട്ടി അണികളാക്കാനുള്ള പദ്ധതിയുമാകാം ഇത്. വർഷംതോറും നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ തീരെ പ്രായ പക്വത വരാത്തവരെ, ഏറെ കർക്കശവും സുദീർഘവുമായ പരിശീലനം ലഭിക്കാതെ വെറും ആറ് മാസത്തെ പരിശീലനം മാത്രമായി, നിര്‍ണായകവും അടിയന്തരവുമായ ഘട്ടങ്ങളിൽ മുൻനിരയിൽ നിർത്തേണ്ടിവന്നാൽ ഉണ്ടാകുന്ന അപകടം എത്ര വലുതായിരിക്കും? ഇതോടൊപ്പം നാലുവർഷത്തെ സേവനം കഴിഞ്ഞ് ഓരോ വർഷവും പുറത്തിറങ്ങുന്ന എഴുപത്തഞ്ച് ശതമാനം വീതമുള്ളവർ തൊഴിലില്ലായ്മയുടെ മുൻപിൽ ഏതൊരു നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ആശങ്ക ഉണർത്തുന്ന വിഷയമാണ്.
ഇതുകൂടി വായിക്കൂ; തുടരുന്ന വേട്ട; നീതിതേടിയ പരാതിക്കാരി ഒടുവില്‍ പ്രതിയായി
ഇതൊക്കെക്കൊണ്ടാണ് അഗ്നിപഥ് മറ്റൊരു ഫാസിസ്റ്റ് അജണ്ടയാണ് എന്ന് പറയാൻ കാരണം. ഫാസിസം എന്നതിന് ബ്രിട്ടാനിക്കാ ഡിക്ഷ്ണറി നൽകുന്ന നിർവചനം “ഒരു ഏകാധിപതിയാൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതും എന്നാൽ സർക്കാരുമായി അഭിപ്രായവ്യത്യാസം രേഖപ്പെടുത്താൻ ജനത്തിന് അവകാശമില്ലാത്തതുമായ രാഷ്ട്രഭരണ സംവിധാനം” എന്നാണ്. അഗ്നിപഥ് എന്ന പദ്ധതി, മുൻപ് അവതരിപ്പിക്കപ്പെട്ട പദ്ധതികളെപ്പോലെ തന്നെ, ജനത്തിന്റെ അഭിപ്രായം തേടാത്തതും തങ്ങളുടെ അഭിപ്രായം പൊതുവേദിയിൽ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുന്നതുമാണ്. അഗ്നിപഥിനെക്കുറിച്ച് നിഷേധാഭിപ്രായം പൊതുഇടങ്ങളിൽ പ്രകടിപ്പിക്കുന്നവരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കില്ല, അവർക്കെതിരെ കേസെടുക്കും എന്നൊക്കെയാണ് പട്ടാള മേധാവികളുടെ പ്രഖ്യാപനം. ഗുജറാത്ത് കലാപത്തിലെ നേതാക്കളുടെ പങ്കിനെക്കുറിച്ച് നല്കിയ കേസിൽ കോടതിയിൽ നിന്നുണ്ടായ വിധിയിൽ, കേസ് നൽകിയ ടീസ്ത സെതൽവാദിനും പിന്നെ സജീവ് ഭട്ടിനും ആർ ബി ശ്രീകുമാറിനും എതിരായ നീക്കങ്ങളിൽ നാം കാണുന്നത് ഈ നിർവചനത്തിന്റെ പ്രായോഗികതയാണ്; അതെ ഇത് ഫാസിസമാണ്. അതുകൊണ്ട് കാർഷിക ബില്ലിനുണ്ടായ ഗതി അഗ്നിപഥിനും ഉണ്ടാകാൻ നമുക്ക് ശബ്ദിച്ചുകൊണ്ടേ ഇരിക്കാം.