മൂന്നാം മോഡി സർക്കാരിനായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പൂർണ്ണമായും നിരാശാജനകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. നിർമ്മല സീതാരാമൻ അവതരിപ്പിച്ച യുവശക്തി ബഡ്ജറ്റിൽ വർധിച്ചുവരുന്ന തൊഴിലില്ലായിമ്മ പരിഹരിക്കുന്നതിനായി ഒന്നും ഉണ്ടായില്ല, എന്നത് യുവശക്തിയോടുള്ള പരിഹാസമായി മാറി. രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധനവ് ഇന്നേവരെ നമ്മുടെ രാജ്യം കണ്ടിട്ടില്ലാത്ത ഗണത്തിലാണ്. 45 ശതമാനമായി അത് വളർന്നിരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങളെയും അവരുടെ വികാസത്തെയും പാടേ അവഗണിച്ച് കൊണ്ടുള്ളതാണ് ങ്കേന്ദ്ര ബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന അസം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വളരെയധികം പ്രതീക്ഷ ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബഡ്ജറ്റിൽ അർപ്പിച്ചിരുന്നു.
കേരളത്തിന്റെ വികസന പദ്ധതികൾ കോർത്തിണക്കികൊണ്ട് സംസ്ഥാന ധനകാര്യ വകുപ്പ് ബൃഹത്തായ പദ്ധതികൾ അടങ്ങുന്ന നിര്‍ദേശങ്ങളാണ് ബഡ്ജറ്റിനു മുന്നോടിയായി കേന്ദ്ര ധനകാര്യവകുപ്പിന് സമർപ്പിച്ചിരുന്നത്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസന പദ്ധതികൾക്കായാണ്. വിഴിഞ്ഞം തുറമുഖത്ത് ഇറങ്ങുന്ന കണ്ടെയ്നറുകളുടെ സുഗമമായ ഗതാഗതത്തിന് അടിയന്തിരമായി വേണ്ടുന്ന റെയിൽ സംവിധാനം, വ്യവസായ ഇടനാഴിയുടെ നിർമ്മിതി, മരിടൈം ക്ലസ്റ്റർ എന്നിവയിൽ ഊന്നിയുള്ളവയാണ്. എന്നാൽ പ്രതീക്ഷക്കൊത്തവണ്ണം അവക്കായി ബഡ്ജറ്റിൽ നീക്കിയിരിപ്പുണ്ടായില്ല എന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പുനർചിന്തനം നടത്തി തുക വകയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറെ കാലങ്ങളായി സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടിരുന്ന 21,000 കൊടി രൂപയുടെ പ്രത്യേക പാക്കേജ് ഈ ബജറ്റിലും കേന്ദ്രം പരിഗണിച്ചില്ല എന്നത് കേരളത്തോട് കേന്ദ്രം അനുവർത്തിച്ചുവരുന്ന ചിറ്റമ്മ നയത്തിന്റെ തനിയാവാർത്തനമാണ്.സംസ്ഥാനത്തിന്റെ കാർഷിക വികസനത്തിനായി പ്രധാനവിളയായ നെല്ല് സംഭരണത്തിനും മില്ലുകൾ സ്ഥാപിക്കുന്നതിനുമായി സപ്ലൈകൊ ആവശ്യപ്പെട്ട 2000 കൊടി രൂപയുടെ സഹായവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേയില്ല. നിരവധിപേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു പദ്ധതി കൂടിയായിരുന്നു അത്. സംസ്ഥാനത്തിന്റെ സമഗ്രമായ വളർച്ചക്ക് സുരക്ഷിതമായി സ്ഥാപിക്കുവാൻ കഴിയുന്ന ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഇടനാഴി വലിയ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. ബഡ്ജറ്റിൽ അതും ഉണ്ടായില്ല.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രവാസികളെ നാട്ടിൽ പുനരധിവസിപ്പിക്കുന്നതിനും പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അവയൊന്നും കണ്ടില്ല. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ ഇതിനോടകം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ എയിംസിനായുള്ള സാംസ്കാരിക കേരളത്തിന്റെ കാത്തിരുപ്പ് ഇത്തവണയും കളിവാക്കായി മാറുകയാണ് ഉണ്ടായത്. ആരോഗ്യ കേരളത്തിന് ഏറെ മുതൽക്കൂട്ടാകുമായിരുന്ന എയിംസ് കേന്ദ്ര മന്ത്രിസഭയിൽ സംസ്ഥാനത്തിന് പ്രാതിനിത്യം ഉണ്ടായിരുന്നിട്ടും നേടാൻ കഴിഞ്ഞില്ല എന്നുള്ളതും വലിയ നാണക്കേടാണ് എന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു. കോഴിക്കോടും, തൃശൂരും ആലപ്പുഴയും എയിംസിനായി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം നീണ്ട കാത്തിരിപ്പിലായിരുന്നു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകുമായിരുന്ന ജിഎസ്ടി വിഹിതവർധനവും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചില്ല.ജലപാത വികസനത്തിൽ ഏറെ സാധ്യതകൾ ഉള്ള കേരളം ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ജലപാത വികസന പദ്ധതിയിൽ ഇടം കണ്ടില്ല.തിരുവനന്തപുരത്തിന്റെ ഭരണം കൈപ്പിടിയിൽ ഒതുക്കിയ ബിജെപി കൊട്ടിഘോഷിച്ച നഗര വികസനം ബഡ്ജറ്റിൽ പ്രഖ്യാപിച്ച സിറ്റി ഇക്കണോമിക് റീജിയൻസിന്റെ ടയർ‑1, ടയർ‑2, ടയർ‑3 എന്നിവയിൽ ഒന്നിൽപ്പോലും ഇടം കണ്ടില്ല. മാത്രമല്ല ബഡ്ജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴിയിലും കേരളം പെടുന്നില്ല. കൂടാതെ സാംസ്കാരിക‑പൈതൃക‑ആത്മീയ പുരോഗതിക്കായി സ്ഥാപിക്കപ്പെടുന്ന ഇരുപത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽപോലും കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ല.
സാമൂഹ്യ പെൻഷൻ പദ്ധതിക്കായുള്ള കേന്ദ്ര വിഹിതം ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം ബഡ്ജറ്റിൽ പരിഗണിച്ചില്ല എന്നും ബിനോയ് വിശ്വം നിരീക്ഷിച്ചു. മൊത്തത്തിൽ ബജറ്റ് സംസ്ഥാനത്തിന്റെ പ്രതീക്ഷകളെ പാടേ അവഗണിച്ചു എന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ നിഷ്‌ക്കരുണം തിരസ്‌ക്കരിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിഭവസമാഹരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കായി പങ്കുവയ്ക്കുന്ന നഗ്നമായ നടപടിയാണ് ബഡ്ജറ്റിൽ പൊതുവിൽ കാണാൻ കഴിഞ്ഞത്. രാജ്യത്തെ യുവശക്തിയെ പാടേ കാണാതെപോയ ബജറ്റ് ആണിതെന്നും കുത്തകകൾക്ക് മാത്രം ഗുണകരമാകുന്ന ഒന്നാണിതെന്നും അതുകൊണ്ട് തന്നെ ഇതിനെ ഒരു യുവശക്തി ബജറ്റ് എന്ന് വിളിക്കുന്നത് ഇന്ത്യൻ യുവതയെ ആക്ഷേപിക്കുന്നതിനു സമാനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

