Site iconSite icon Janayugom Online

ആക്‌സിയൻ 4 ദൗത്യം വിജയം; ശുഭാംശു ശുക്ലയും സംഘവും ഭൂമിയെ തൊട്ടു

ആക്‌സിയൻ 4 ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഭൂമിയെ തൊട്ടു. 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയേയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ ഗ്രേഡ് പേടകം കാലിഫോർണിയക്ക് അടുത്ത് പസഫിക്ക് സമുദ്രത്തിൽ പതിച്ചത് . യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ഇതിനുശേഷമേ ശുഭാംശു ഇന്ത്യയിലേക്കു മടങ്ങൂ. ബഹിരാകാശത്ത് ശുഭാംശു ശുക്ല ഏഴു പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് ഐഎസ്‌ആർഎ അറിയിച്ചു. 

ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. ജൂൺ 26‑നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. 

കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. പൂർണമായും സ്വയംനിയന്ത്രിതമായാണു ഡ്രാഗണിന്റെ ഇനിയുള്ള സഞ്ചാരം. 550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്റെ യാത്രയ്ക്കായി ചെലവിട്ടത്. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ നിർണായകമാകും ശുഭാംശുവിന്റെ അനുഭവങ്ങൾ.

Exit mobile version