കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക, തൊഴിൽ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്ക് വൻ വിജയം. രാജ്യവ്യാപകമായി 30 കോടിയിലധികം തൊഴിലാളികളും കർഷകരും പങ്കുചേർന്നതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കുള്ള കടുത്ത താക്കീതായി പ്രതിഷേധം മാറി. രാജ്യത്തെ 600 ലധികം ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബാങ്ക്, ഇൻഷുറൻസ് മേഖലകൾ പൂർണമായും സ്തംഭിച്ചു. കൽക്കരി, പെട്രോളിയം, തപാൽ, ഗതാഗതം തുടങ്ങിയ മേഖലകളും പണിമുടക്കിൽ നിശ്ചലമായി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു. വ്യവസായ കേന്ദ്രങ്ങളിൽ തൊഴിലാളികൾ കൂട്ടത്തോടെ ജോലിയിൽ നിന്ന് വിട്ടുനിന്നു.
സ്ത്രീ തൊഴിലാളികളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം പണിമുടക്കില്‍ ശ്രദ്ധേയമായി. ആശാ വർക്കർമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ എന്നിവർ റെയിൽ, റോഡ് ഉപരോധങ്ങളിൽ മുൻനിരയില്‍ അണിനിരന്നു. ഗ്രാമപ്രദേശങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും വലിയ തോതിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. തൊഴിലില്ലായ്മയ്ക്കെതിരെയും വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.
ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളുടെ പ്രവർത്തനം പണിമുടക്കിൽ തടസ്സപ്പെട്ടു. ശ്രീപെരുമ്പുത്തൂരിലെ വ്യാവസായ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി. ഭുവനേശ്വർ, കട്ടക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു. ട്രെയിൻ ഗതാഗതം പലയിടത്തും തടസപ്പെട്ടു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കർഷക സംഘടനകൾ സജീവമായി രംഗത്തിറങ്ങിയതോടെ ഗ്രാമീണ മേഖലകളിൽ പ്രതിഷേധം ശക്തമായി. റോഡ് ഉപരോധം മൂലം ഗതാഗതം തടസപ്പെട്ടു. പൊതുമേഖലാ ബാങ്കുകൾ ഭൂരിഭാഗവും പ്രവർത്തിച്ചില്ല. മുംബൈയിലെയും ഡൽഹിയിലെയും വ്യവസായ കേന്ദ്രങ്ങളിൽ ഹാജർ നില കുറവായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സിവിലിയൻ ജീവനക്കാർ അടക്കം മുപ്പതിനായിരത്തോളം പേർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കല്‍ക്കരി ഖനന മേഖലയെ പണിമുടക്ക് കഠിനമായി ബാധിച്ചു. കൽക്കരി ഖനനം പൂർണമായും നിലച്ചു. നാല് ലേബർ കോഡുകൾ റദ്ദാക്കുക, വൈദ്യുതി ഭേദഗതി ബില്ലും വിത്ത് ബില്ലും പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐടിയുസി, സിഐടിയു, ഐഎൻടിയുസി ഉൾപ്പെടെയുള്ള പത്ത് കേന്ദ്ര സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരങ്ങള്‍ പങ്കെടുത്തു. എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.

