Site iconSite icon Janayugom Online

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി ;79 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചില്ല

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി (എന്‍എഫ്എസ്എ) പ്രകാരമുള്ള സൗജന്യ റേഷന്‍ രാജ്യത്തെ 79 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല. പാര്‍ലമെന്റില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന ന്യായമാണ് ഗുണഭോക്താക്കള്‍ പുറത്തായതിനുള്ള മന്ത്രിയുടെ വിശദീകരണം.
എന്‍എഫ്എസ്എ പദ്ധതി അനുസരിച്ച് 81.35 കോടി ഗുണഭോക്താക്കള്‍ക്കാണ് റേഷന്‍ അനുവദിച്ചത്. ഇതില്‍ 80.56 കോടി ഗുണഭോക്താക്കളെയാണ് സംസ്ഥാനങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് പദ്ധതിയില്‍ നിന്ന് 79 ലക്ഷം ഗുണഭോക്താക്കള്‍ പുറത്തായെന്ന് വ്യക്തമായത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ജയറാം രമേശിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭക്ഷ്യ മന്ത്രി. ഗുണഭോക്തൃ പട്ടികയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന വിഷയം അതാത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വിശദീകരിച്ചു.

ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനം പേര്‍ക്കും നഗര മേഖയിലെ 50 ശതമാനം പേര്‍ക്കും പദ്ധതിയനുസരിച്ചുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ട്. 2011 സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഇത് തുടര്‍പ്രക്രിയയാണെന്നും സംസ്ഥാനങ്ങളാണ് പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു. 2021ല്‍ സെന്‍സസ് നടക്കാത്തതുകൊണ്ട് 14 കോടി ഗുണഭോക്താക്കള്‍ക്ക് എന്‍എഫ്എസ്എ ആനുകൂല്യം ലഭിക്കുന്നില്ല എന്നാണ് രേഖയില്‍ പറയുന്നതെന്ന് ജയറാം രമേശ് ആരോപിച്ചു. പാര്‍ശ്വവല്‍ക്കൃത വിഭാഗം ജനങ്ങള്‍ക്ക് ഗുണകരമാകുന്ന സൗജന്യ ഭക്ഷ്യധാന്യ വിതരണം സര്‍ക്കാര്‍ അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹരെ മുഴുവന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിന് പകരം ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. 

Exit mobile version