Site iconSite icon Janayugom Online

നവീൻ ബാബുവിന്റെ മരണത്തിൽ സത്യം പുറത്ത് വരേണ്ടത് ഇടതുപക്ഷ സർക്കാരിന്റെ അഭിമാനപ്രശ്നം: സി ദിവാകരൻ

മരണപെട്ട എ ഡി എം നവീൻ വാബുവിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് ഇടതുപക്ഷ സർക്കാരിന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്ന് മുതിർന്ന സി പി നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ പറഞ്ഞു. മലയാലപുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘമായ എന്റെ രാഷ്ട്രീയ ജീവിതത്തിൽ കേരളത്തിൽ ഇത്തരത്തിൽ ഉള്ള ഒരു സംഭവം ആദ്യത്തേത് ആണ്. അസാധാരണമായ സംഭവമാണിത്. എല്ലാ മലയാളികളും ഈ വിഷയത്തിൽ ആശങ്കയിലാണ്. ഇതിലെ പ്രതിയാര് എന്നതാണ് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത്. അദേഹത്തിന്റെ ജീവനും ജീവിതവും തിരികെ നൽകാൻ നമുക്ക് കഴിയില്ല. നഷ്ടം ആ കുടുംബത്തിന് മാത്രമാണ്.

സർക്കാരിന്റെ നിലപാട് കുറച്ചു കൂടി ശക്തമാക്കി മുന്നോട്ട് പോകണം എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഈ സംഭവത്തിൽ എന്താണ് നടന്നതെന്ന് നീതി ന്യായ പീഠത്തിന് മുന്നിൽ കൊണ്ടുവരണം. ഇതുപോലെയുള്ള ഒട്ടേറെ സാഹചര്യങ്ങൾ സർവീസ് മേഖലയിൽ ഉണ്ട്. ഇത് ഒരിക്കലും ഇടത് പക്ഷ സർക്കാരിന് ഭൂഷണമല്ല. സർക്കാർ വിഷയം അന്വേഷിച്ച് വരികയാണ്. ഇതിന് സമയം വേണം എന്ന് ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്.

എന്നാൽ ഇതിന്റെ ഫലം എന്തായിരിക്കും എന്നതാണ് സാധാരണക്കാരുടെ ചോദ്യം. ഇപ്പോൾ നടക്കുന്നത് സാധാരണ നടപടികൾ ആണ്.
സിവിൽ സർവീസിൽ ഇരുന്ന ഒരാളുടെ ദുരന്തമാണ് ഇവിടെ സംഭവിച്ചത്. ഇതിൽ കൊലപാതകത്തിന്റെ സാധ്യത ഉണ്ടോ എന്ന് പോലും സംശയിക്കുന്നു. സംഭവത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ എന്താണെന്ന് അന്വേഷിക്കണം. സംസ്ഥാന സർക്കാരിനെ എനിക്ക് വിശ്വാസമാണ്. സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹവും കുടുംബവും. കണ്ണൂർ ജില്ലാ കളക്റ്ററുടെ പങ്കും അന്വേഷിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്, മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജപി നായർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

Exit mobile version