Site iconSite icon Janayugom Online

നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും കൊ ലപ്പെടുത്തി സിമന്റിട്ട് ഉറപ്പിച്ച വീപ്പ പൊലീസ് പുറത്തെടുത്തു; വീഡിയോ

ഉത്തർപ്രദേശിലെ മീററ്റിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം സിമൻ്റിട്ട് ഉറപ്പിച്ച വീപ്പയ്ക്കുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തി. വീപ്പ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സൗരഭ് രജ്പുത്തിനെ ഭാര്യ മുസ്‌കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്നാണ് കൊലപ്പെടുത്തിയത്. സൗരഭിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി, ശരീരത്തിന്റെ 15 ഓളം ഭാഗങ്ങൾ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ അടച്ചുവെക്കുകയായിരുന്നു.

2016 ൽ പ്രണയിച്ച് വിവാഹിതരായവരാണ് സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയ വിവാഹവും ജോലി ഉപേക്ഷിക്കാനുള്ള പെട്ടെന്നുള്ള തീരുമാനവും കുടുംബത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ ഇവർ വീട് മാറി താമസിച്ചു. ശേഷമാണ് മുസ്കൻ തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിയുന്നത്. ഇത് ദമ്പതികൾക്കിടയിൽ കലഹത്തിന് കാരണമായി.

സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തിയ ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി, കഷണങ്ങൾ ഒരു ഡ്രമ്മിൽ ഇട്ട ശേഷം നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു എന്നാണ് പൊലീസ് പറയുന്നത്. സൗരഭ് ദിവസങ്ങളോളം ഫോൺ കോളുകൾ എടുക്കാതിരുന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Exit mobile version