Site icon Janayugom Online

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ മേധാവി നിര്‍ദ്ദേശിച്ചു; എന്‍ഡിടിവി മുംബൈ ബ്യൂറോ ചീഫ് രാജിവച്ചു

എന്‍ഡിടിവി മുംബൈ ബ്യൂറോ ചീഫ് സോഹിത് മിശ്ര രാജിവച്ചു. അഡാനി ഗ്രൂപ്പിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കണമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് രാജിപ്രഖ്യാപനം. വാര്‍ത്താസമ്മേളനത്തില്‍ ബഹളം ഉണ്ടാക്കണമന്നും വിഷയം മാറ്റാന്‍ ഇടപെടണമെന്നും ചാനലിന്റെ എഡിറ്റർ-ഇൻ‑ചീഫ് സഞ്ജയ് പുഗാലിയ സോഹിതിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

അഡാനി ഗ്രൂപ്പിനെതിരെ വിദേശ ഷെൽ കമ്പനി വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംഘ്പരിവാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെ ചുവടുപിടിച്ച് എന്‍ഡിടിവിയും അഡാനിക്ക് അനുകൂലമായി വാര്‍ത്തകളും പടച്ചുവിട്ടു. 2013 നും 2017 നും ഇടയിൽ നാല് അഡാനി കമ്പനികളുടെ സ്റ്റോക്കില്‍ കൃത്രിമത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഈ വർഷം ആദ്യം പുറത്തിറക്കിയ വിവാദമായ ഹിൻഡൻബർഗ് റിപ്പോർട്ട് ഉന്നയിച്ച ഒരു ആരോപണം സ്ഥിരീകരിക്കപ്പെട്ടിരുന്നു. തുടർന്നാണ് ബിജിപിയുമായി പ്രതിപക്ഷം രാഷ്ട്രീയ വാക്‌പോര് ശക്തമായത്.

അതിനിടെയാണ് വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് നിലപാട് അറിയിക്കാന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിച്ചത്. പ്രതിപക്ഷ ഐക്യമായ ഇന്ത്യയുടെ നേതൃയോഗ തീരുമാനപ്രകാരം വിഷയം പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രഖ്യാപിക്കാനായിരുന്നു മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ രാഹുലിന്റെ വാര്‍ത്താസമ്മേളനം. സോഹിത് മിശ്രയടക്കം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ഹാളിലെത്തിയിരുന്നു. അതിനുമുമ്പേയാണ് സഞ്ജയ് പുഗാലിയ വാര്‍ത്താസമ്മേളനം തടസപ്പെടുത്തുവാന്‍ സോഹിതിനോട് നിര്‍ദ്ദേശിച്ചത്. അഡാനിയുടെ എഎംജി മീഡിയ നെറ്റ്‌വർക്ക് എൻഡിടിവി ഏറ്റെടുത്തതിന് ശേഷം ചുമതലയേറ്റെടുത്ത ആളാണ് പുഗാലിയ.

Eng­lish Sam­mury: Asked to ‘cre­ate ruckus’ at Rahul press meet on Adani, NDTV’s Mum­bai bureau chief quits

Exit mobile version