Site icon Janayugom Online

അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കും: മുഖ്യമന്ത്രി

pinarayi vijayan

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടല്‍ ഓരോ പ്രദേശത്തും നടത്തണം. പോസീറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണം. ആദ്യഘട്ടത്തില്‍ ഇടപെട്ടതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സജീവമായി മുന്നോട്ടുനീങ്ങിയാല്‍ പെട്ടെന്നുതന്നെ സാധാരണ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയും.
സംസ്ഥാനവ്യാപക ലോക്ഡൗണ്‍ പോലുള്ള നടപടികളെ ആരും അനുകൂലിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത് സമ്പദ്ഘടനയ്ക്കും ജീവനോപാധികള്‍ക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാവും. സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുത്ത് സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്‌ധാഭിപ്രായം. ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ക്വാറന്റൈന്‍ ലംഘിച്ചാല്‍ നടപടി

ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പൊലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകൾ എന്നിവർക്കാണ് ചുമതല.

ENGLISH SUMMARY:Neighborhood Mon­i­tor­ing Com­mit­tees to be formed: CM

You may also like this video

<iframe width=“560” height=“315” src=“https://www.youtube.com/embed/rRM8Q-ivvQw” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

Exit mobile version