Site icon Janayugom Online

നവ ഉദാരീകരണ നയം; ഇന്ത്യയില്‍ അസമത്വം വര്‍ധിച്ചു

നവ ഉദാരീകരണ നയം സ്വീകരിച്ചുതുടങ്ങിയ 1990 മുതല്‍ ഇന്ത്യയില്‍ അസമത്വം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലാണെന്നും സമ്പത്ത് കുമിഞ്ഞുകൂടുന്നത് സമ്പന്ന വര്‍ഗത്തിനു മാത്രമാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ കീഴിലുളള സാമ്പത്തിക ഉപദേശക സമിതിയുടെ നിര്‍ദേശമനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപെറ്റിവ്ന്സ് തയ്യാറാക്കിയ ദി സ്റ്റേറ്റ് ഓഫ് ഇന്‍ ഇക്വാളിറ്റി ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഉദാരീകരണ നയങ്ങളുടെ ഭീകര മുഖം വരച്ച് കാട്ടുന്നത്. 90 ശതമാനം കുടുംബങ്ങളും ജീവിക്കുന്നത് പ്രതിമാസം 25,000 രൂപയില്‍താഴെ മാത്രം വരുമാനത്തെ ആശ്രയിച്ചാണ്. പണപ്പെരുപ്പവും നിലവിലെ രാഷ്ട്രീയ- സാമ്പത്തിക‑സാമുഹ്യ പശ്ചാത്തലവും അനുസരിച്ച് ഈ തുക മാത്രം ജീവസന്ധാരണത്തിന് വിനിയോഗിക്കുന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019–20ലെ തൊഴില്‍ശക്തി സര്‍വേ പ്രകാരം 10 ശതമാനം പേരാണ് സമ്പത്തില്‍ 30 മുതല്‍ 35 ശതമാനം വരെ കൈയ്യടക്കി വച്ചിരിക്കുന്നത്. ബാക്കിയുള്ളതില്‍ 50 ശതമാനത്തിന്റെ ആകെ വരുമാനം 22 ശതമാനമാണ്.

2017–18, 2019–20 കാലഘട്ടത്തില്‍ സമ്പന്നരുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ വരുമാനത്തില്‍ പത്ത് ശതമാനം നഷ്ടം രേഖപ്പെടുത്തി. രാജ്യത്തെ സമ്പത്ത് ഒരു പരിമിത വിഭാഗം മാത്രം കൈകാര്യം ചെയ്യുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വരാഷ്ട സങ്കല്പത്തിനു വിരുദ്ധമാണ്. സാമുഹ്യ സുരക്ഷ, സ്വാതന്ത്ര്യം, സാമ്പത്തിക ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവ നവഉദാരീകരണ നയങ്ങളോടെ അപ്രത്യക്ഷമായി. പൗരന്റെ ക്ഷേമവും നീതിയും ഉറപ്പുവരുത്തി രാജ്യത്തെ മികച്ചതാക്കണമെന്ന തത്വം ലിബറല്‍ മുതലാളിത്ത സാമ്പത്തിക ചട്ടക്കൂടില്‍ ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 17–18 നൂറ്റാണ്ടില്‍ ജോണ്‍ലോക്കും ആഡം സ്മിത്തും ആവിഷ്കരിച്ച സ്വതന്ത്ര വിപണി സിദ്ധാന്തം അനുസരിച്ച് വ്യാവസായിക സംരംഭകത്വ നൈപുണികള്‍ പ്രേത്സാഹിപ്പിക്കുകയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യണമെന്നത് ഉദാരവല്‍ക്കരണത്തോടെ ലംഘിക്കപ്പെട്ടു. ഇതോടെ അസമത്വത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നു.

അസമത്വവും ദാരിദ്ര്യവും മുതലാളിത്ത സമ്പദ്‍വ്യവസ്ഥയുടെ മുഖമുദ്രയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് പീറ്റ് പറയുന്നു. ഈ രംഗത്ത് നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റം ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദാരീകരണ നയം നടപ്പിലാക്കിയശേഷം മൂലധന നിക്ഷേപം സ്വരൂപിക്കാനോ അസമത്വം ഇല്ലാതാക്കാനോ ആവശ്യമായ നടപടികളൊന്നും മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല. സാമൂഹ്യ‑സാമ്പത്തിക മേഖലകളില്‍ പൗരന്റെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ തള്ളിക്കളയുകയോ പിന്‍വാങ്ങുകയോ ചെയ്തത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് തിരിച്ചടിയായി. വിദ്യാഭ്യാസം, ആരോഗ്യം, ദൈനം ദിന ജീവിത രംഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റം ജനജീവിതം ദുസ്സഹമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്

2020 എത്തിയതോടെ 42.5 ശതമാനം സ്വത്തും സമ്പന്നരുടെ കൈവശം വന്നുചേര്‍ന്നുവെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണം നടത്തുന്ന മൈത്രേഷ് ഘട്ടക് നിരീക്ഷിക്കുന്നു. അതേസമയം സാധാരണ ജനങ്ങളുടെ സമ്പത്തിന്റെ തോത് കേവലം 2.8 ശതമാനമായി. ആസിയാന്‍ കരാര്‍, ലോക വ്യാപാര കരാര്‍, നവ ഉദാരവല്‍ക്കരണ നയം എന്നിവ വഴി രാജ്യം പുരോഗതി പ്രാപിക്കുമെന്ന് വീമ്പിളക്കിയ കേന്ദ്ര സര്‍ക്കാരുകള്‍ ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തളളിവിടുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary;neoliberal pol­i­cy; Inequal­i­ty has increased in India

You may also like this video

Exit mobile version