Site icon Janayugom Online

പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തി: മാരക വ്യാപനശേഷി

മാരക വ്യാപനശേഷിയുള്ള രണ്ട് ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ കണ്ടെത്തി. ബിഎഫ്. 7, ബിഎ.5.1.7 എന്നീ വകഭേദങ്ങളാണ് ചൈനയുടെ വിവിധ പ്രവിശ്യകളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുടെ വ്യാപകശേഷിയില്‍ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാവോഗൗണ്‍ നഗരത്തിലാണ് ബിഎ.5.1.7 വകഭേദത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷാവോഗൗണിലും യാന്തെയ് നഗരങ്ങളിലും ബിഎഫ് 7 സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നഗരങ്ങളിലേക്കും ഈ വകഭേദങ്ങള്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയതായി കണ്ടെത്തിയ വകഭേദങ്ങള്‍ ഷാവോഗോണ്‍ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പുകള്‍. വകഭേദങ്ങള്‍ക്ക് മാരക വ്യാപക ശേഷിയുണ്ടെന്നും ഇവ ആര്‍ജിത പ്രതിരോധ ശേഷിയെ തകര്‍ത്തേക്കുമെന്നും ചൈനീസ് ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഉപമേധാവി ലി ഷുജിയാന്‍ പറ‌ഞ്ഞു.

ബിഎഫ് 7 വകഭേദത്തിന്റെ വ്യാപനശേഷിയെ കുറിച്ച് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ ബിഎ.5ന്റെ ഉപവകഭേദമാണ് ബിഎഫ്. 7. ആര്‍ജിത പ്രതിരോധശേഷിയെ തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ കോവിഡ് രോഗമുക്താരാവരെയും ഇത് പിടികൂടാന്‍ സാധ്യതയുണ്ട്. വാക്സിന്‍ എടുത്തവരിലും രോഗബാധയുണ്ടായേക്കാം. എന്നാല്‍ ബിഎഫ്.7നെതിരെ വാക്സിന്‍ കാര്യക്ഷമമല്ലെന്ന് പറയാന്‍ കഴിയില്ല. ഗുരുതരമായ രോഗലക്ഷണങ്ങളില്‍ നിന്നും കോവിഡ് മരണങ്ങളില്‍ നിന്നും രക്ഷപെടാന്‍ വാക്സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ബിഎഫ്.7 വ്യാപനമുണ്ടായതായാണ് കണ്ടെത്തല്‍.

Eng­lish Sum­ma­ry: New covid vari­ants discovered
You may also like this video

Exit mobile version