Site iconSite icon Janayugom Online

ദീര്‍ഘകാല കോവിഡ് ആരോഗ്യ വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, ദീര്‍ഘകാല കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. സാര്‍സ് കോവ്-2 എന്ന കോവിഡ് വൈറസിനെ കുറിച്ച് ഗവേഷണങ്ങളിലൂടെ കുറെയധികം മനസിലാക്കിയെങ്കിലും ദീര്‍ഘകാല കോവിഡ് ഒരു പ്രഹേളികയായി തുടരുന്നുവെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ വിദഗ്ധര്‍ പറയുന്നു. വൈറസ് മനുഷ്യശരീരത്തില്‍, പ്രത്യേകിച്ച് രോഗപ്രതിരോധ സംവിധാനങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനപരമായി മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ദീര്‍ഘകാല കോവിഡ് ചികിത്സിക്കുന്ന പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ഡോ. അമിത് ദ്രാവിഡും റോഹ്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പള്‍മണറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ധ്രുവ ചൗധരിയും പറയുന്നു. മനുഷ്യന്റെ പ്രതിരോധശേഷി രൂപപ്പെടുത്തുന്ന ടി കോശങ്ങളുടെയും ബി കോശങ്ങളുടെയും പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് രാജ്യതലസ്ഥാനത്തെ ഒരു സ്വകാര്യ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ. അമിത് ദ്രാവിഡ് പറഞ്ഞു. ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ദീര്‍ഘകാല കോവിഡ് രോഗികള്‍ക്ക് ഗണ്യമായി കുറഞ്ഞു. ഇത് അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. അത്തരക്കാരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്.

അവരുടെ ടി ബി കോശങ്ങള്‍, ആന്റിബോഡികള്‍, കുടല്‍ ബാക്ടീരിയകള്‍, മൂക്കിലെ വൈറസുകള്‍ എന്നിവ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണോ എന്ന് അറിയണം. കോശങ്ങള്‍, രക്തം, ഡിഎന്‍എ എന്നിവ ഗവേഷണത്തിനായി ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള ബയോറിപ്പോസിറ്ററി സംവിധാനം നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധിച്ച് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച ശേഷവും ദീര്‍ഘകാല കോവിഡ് ബാധിച്ചവരുടെ ശരീരത്തിനുള്ളില്‍ ജീവനില്ലാത്ത വൈറസിന്റെ അവശിഷ്ടങ്ങള്‍ വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്, ഇത് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകും. പുതിയ അണുബാധയുണ്ടാകുമ്പോള്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടത്ര പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയുണ്ടാകും. അങ്ങനെ ദീര്‍ഘകാല കോവി‍ഡ് രോഗികളെ കൂടുതല്‍ രോഗികളാക്കും. ക്ഷീണം, ശ്വാസതടസം, മാനസികാരോഗ്യം എന്നീ മൂന്ന് ദീര്‍ഘകാല കോവിഡ് അവസ്ഥകളുടെ വ്യാപനം ഇന്ത്യയില്‍ 6.6% മുതല്‍ 11.9% വരെയാണെന്ന് 2023ല്‍ ഐസിഎംആര്‍ നടത്തിയ പഠനം പറയുന്നു. 

Exit mobile version