Site icon Janayugom Online

പുതിയ വിവരങ്ങള്‍ പുറത്ത്; ബിജെപിക്ക് 6986.5 കോടി

ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി നേടിയത് 6986.5 കോടി. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു.  രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച 2019 ഏപ്രില്‍ 12 വരെ ലഭിച്ച ബോണ്ടുകളുടെ വിവരങ്ങളാണ് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷമുള്ള കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ച 2018 മുതല്‍ 6986.5 കോടി രൂപ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.
പശ്ചിമബംഗാളില്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 1397 കോടി, കോണ്‍ഗ്രസ് 1334 കോടി, ബിആര്‍എസ് 1322 കോടി രൂപയുടെയും ബോണ്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഒഡിഷ ഭരിക്കുന്ന ബിജെഡിയാണ് ഇലക്ടറല്‍ ബോണ്ട് വഴി പണം കൈപ്പറ്റിയവരില്‍ നാലാം സ്ഥാനത്ത്.
656.5 കോടിയുടെ ബോണ്ട് സ്വീകരിച്ച ഡിഎംകെ അഞ്ചാം സ്ഥാനത്തുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ഡിഎംകെയ്ക്ക് 509 കോടി നല്‍കി. മേഘ എന്‍ജിനീയറിങ് 105 കോടി, ഇന്ത്യ സിമന്റ്സ് 14 കോടി, സണ്‍ ടിവി 10 കോടി എന്നിങ്ങനെയാണ് ഡിഎംകെയ്ക്ക് ലഭിച്ച മറ്റ് ബോണ്ടുകള്‍. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് ഡിഎംകെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാര്‍ട്ടിനാണ്, 1368 കോടി. ഡിഎംകെയ്ക്ക് നല്‍കിയതിന്റെ ബാക്കി 859 കോടിയുടെ ബോണ്ടുകള്‍ ആര്‍ക്കാണ് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. ആന്ധ്രാ പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 442.8 കോടി രൂപയാണ് ബോണ്ട് വഴി ലഭിച്ചത്. ജെഡിഎസ് 89.75 കോടിയുടെ ബോണ്ടുകള്‍ സ്വീകരിച്ചു. ഇതില്‍ 50 കോടി മേഘ എന്‍ജിനീയറിങ്ങാണ് നല്‍കിയത്. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ രണ്ടാം സ്ഥാനത്താണ് മേഘ എന്‍ജിനീയറിങ്. ഡിഎംകെയെ കൂടാതെ എഐഎഡിഎംകെ, ജെഡിഎസ് എന്നിവരും ബോണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ജമ്മു ആന്റ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി ‑ഗോവ, എഎപി, എസ്‌പി, എന്‍സിപി, ജെഡിയു എന്നീ പാര്‍ട്ടികളും ബോണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടിന്റെ എണ്ണവും ലഭിച്ച തുകയും മാത്രമാണ് തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുള്ളത്.

സ്വീകരിക്കില്ലെന്ന് ഇടതുപാര്‍ട്ടികള്‍

സുതാര്യമല്ലെന്ന് സിപിഐ സത്യവാങ്മൂലം നല്‍കി

ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കുന്നതുമായ ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഐ അടക്കമുള്ള മൂന്നു ഇടതു പാര്‍ട്ടികള്‍. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം സുതാര്യമല്ലാത്തതില്‍ ഇതിലൂടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി 2019 മേയ് 23ന് സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എസ് സുധാകര്‍ റെഡ്ഡി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സിപിഐ(എം), സിപിഐ(എംഎല്‍) എന്നീ പാര്‍ട്ടികളും ബോണ്ടിലൂടെ സംഭാവന സ്വീകരിക്കില്ലെന്ന് അറിയിച്ചതായി ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

ദാതാക്കളെ വെളിപ്പെടുത്തണമെന്ന് ഹര്‍ജി

തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സംഭാവന ചെയ്തവരുടെ വിവരങ്ങളും പുറത്തുവിടണമെന്ന് സിറ്റിസൺസ് റൈറ്റ്സ് ട്രസ്റ്റ് സുപ്രീം കോടതിയില്‍. ഇതുവരെ വിറ്റതും പണമാക്കിയെടുത്തതുമായ ബോണ്ടുകളുടെ വിശദാംശങ്ങള്‍, ആൽഫാന്യൂമെറിക് നമ്പർ, വാങ്ങിയ തീയതി, മൂല്യം, ദാതാക്കളുടെ പേരുകൾ, കക്ഷികളുടെ പേര് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ്‌ബിഐയിൽ നിന്ന് ഈ വിവരങ്ങൾ ലഭിച്ച ശേഷം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.  തെരഞ്ഞെടുപ്പ് ബോണ്ടിന്റെ സവിശേഷ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഇന്നേക്കകം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: New infor­ma­tion out; 6986.5 crore for BJP
You may also like this video

Exit mobile version