Site iconSite icon Janayugom Online

നവകേരള സദസ്സുകള്‍ ചരിത്ര സംഭവമാകും: മന്ത്രി കെ രാജന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകള്‍ ചരിത്ര സംഭവമായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഡിസംബര്‍ നാലു മുതല്‍ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി നടക്കുന്ന നവകേരള സദസ്സുകളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍, എംഎല്‍എമാര്‍ മണ്ഡലംതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. നാടിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുമായി ഇതിനകം മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീരസദസ്സുകള്‍, മലയോര സദസ്സുകള്‍, വന സദസ്സുകള്‍, താലൂക്ക്തല അദാലത്തുകള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത മേഖലാ അവലോകന യോഗങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് നവകേരള സദസ്സുകളെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 10 മണ്ഡലങ്ങളിലും ഇതിനകം വിപുലമായ യോഗങ്ങള്‍ ചേര്‍ന്ന് സംഘാടക സമിതികള്‍ക്കും സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. പരിപാടിയുടെ വിജയത്തിനായി മണ്ഡലംതലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോ-ഓര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ നവകേരള സദസ്സിലും 10,000ത്തിലേറെ പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യം. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. 30നകം ബൂത്ത് തലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ച് യോഗങ്ങള്‍ ചേരും. നവംബര്‍ 15ഓടെ വീട്ടുമുറ്റ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 

നവകേരള സദസ്സുകളുടെ സന്ദേശം എല്ലാ വീടുകളിലുമെത്തിക്കാന്‍ മികച്ച രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ എ സി മൊയ്തീന്‍, സി സി മുകുന്ദന്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍, കെ കെ രാമചന്ദ്രന്‍, എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Summary:New Ker­ala assem­bly will be a his­toric event: Min­is­ter K Rajan
You may also like this video

Exit mobile version