Site iconSite icon Janayugom Online

സ്ത്രീപക്ഷ നവ കേരളം, ജനങ്ങള്‍ ഏറ്റെടുക്കണം

മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 45.85 ലക്ഷം അംഗങ്ങളുമുള്ള ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി പടര്‍ന്നുനില്ക്കുന്ന ഒന്നാണ് കുടുംബശ്രീ. ഭൂവികേന്ദ്രീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഭൂപരിഷ്കരണവും അക്ഷര വികേന്ദ്രീകരണത്തിന്റെ ഭാഗമായ സാക്ഷരതാ പ്രസ്ഥാനവും കടന്നുവന്ന കേരളത്തില്‍ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായാണ് 1997ല്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം നല്കിയത്. ഇതിന്റെ ഉപോല്പന്നമെന്ന നിലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സാധ്യതകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് 23 വര്‍ഷം മുമ്പ് കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. ഗ്രാമ തലങ്ങളില്‍ 20 വരെ സ്ത്രീകള്‍ ഉള്‍പ്പെട്ടുള്ള അയല്‍ക്കൂട്ടങ്ങളെ അടിസ്ഥാന ഘടകമാക്കിയാണ് സ്ത്രീ ശാക്തീകരണത്തിനായുള്ള ഈ മഹത്തായ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീജനവിഭാഗത്തിന്റെ സാമ്പത്തിക‑സാമൂഹ്യ‑ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിർമ്മാർജനമാണ് കുടുംബശ്രീ ആത്യന്തിക ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ളത്. ഇതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളിലൂടെ സ്വയം പര്യാപ്തമായ വലിയൊരു സ്ത്രീ സമൂഹത്തെ സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മ ആയത്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന സ്ത്രീജനസംഖ്യയില്‍ വേരുകളുളള കുടുംബശ്രീയെ അടിത്തറയാക്കി സമൂഹത്തില്‍ നിലനില്ക്കുന്ന ദുഷ്‌പ്രവണതകള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടക്കം കുറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടത്തിന്റെയും ഫലമായി കേരളത്തില്‍ സ്ത്രീ ശാക്തീകരണ പ്രക്രിയ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. പ്രാദേശിക ഭരണത്തിന്റെ അധികാര ശ്രേണിയിലുള്‍പ്പെടെ സ്ത്രീ പങ്കാളിത്തം എല്ലാ തലത്തിലും മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന സമിതികളില്‍ അമ്പതു ശതമാനം സംവരണമെന്ന, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് സാധ്യമായത്. ഈ വിധത്തില്‍ സുരക്ഷയിലും ശാക്തീകരണത്തിലും രാജ്യത്തുതന്നെ മുന്നിലാണെങ്കിലും സ്ത്രീധനത്തിന്റെ പേരിലും പീഡനങ്ങളെ തുടര്‍ന്നുമുള്ള അതിക്രമങ്ങളും ആത്മഹത്യകളും നമ്മുടെ സംസ്ഥാനത്തും നടക്കുന്നുവെന്നത് ഖേദകരമാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 14 ജില്ലകളിലായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പരിധിയില്‍ വരുന്ന 12,569 കേസുകളുണ്ടായി. സ്ത്രീധന പീഡനം, ബലാത്സംഗം തുടങ്ങിയ കേസുകളാണ് ഇതിലുള്‍പ്പെടുന്നത്.


ഇതുകൂടി വായിക്കാം; കുടുംബശ്രീ‌: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ


ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതകള്‍ സംബന്ധിച്ച 2,715 കേസുകളുണ്ടായപ്പോള്‍ പൊലീസിന്റെ രേഖകള്‍ പ്രകാരം അഞ്ചുവര്‍ഷത്തിനിടെ 66 മരണങ്ങളുടെ കാരണം സ്ത്രീധന പീഡനങ്ങളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട 1,096 കേസുകള്‍ പത്തു വര്‍ഷത്തിനിടെ സംസ്ഥാന വനിതാ കമ്മിഷനു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടു. സ്ത്രീധനത്തിനെതിരെ ശക്തമായ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങളുണ്ടെങ്കിലും അതിന്റെ പേരിലുള്ള അതിക്രമങ്ങളും ആത്മഹത്യകളും സംഭവിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സ്ത്രീ ശാക്തീകരണത്തിന്റെ വിപുലമായ വേദിയായ കുടുംബശ്രീയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഇത്തരം സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരായ ബോധവല്കരണത്തിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീപക്ഷ നവകേരളം എന്ന പ്രധാന ബാനറിനു കീഴില്‍ സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെയുള്ള ബോധവല്കരണ ക്യാമ്പയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീ-പുരുഷ- ട്രാന്‍സ്ജെന്‍ഡര്‍ വ്യത്യാസമില്ലാതെ കൈകോര്‍ത്തുള്ള പരിപാടികള്‍ സാര്‍വദേശീയ മഹിളാ ദിനമായ മാര്‍ച്ച് എട്ടുവരെ നീണ്ടുനില്ക്കും. മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവിൽവച്ച് സ്ത്രീപക്ഷ നവകേരളത്തിന്റെ സംസ്ഥാനതല കർമ്മപദ്ധതി പ്രഖ്യാപിക്കും. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഴുവന്‍ ‘സ്ത്രീ അതിക്രമവിമുക്ത പ്രദേശ’ങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ബോധവല്കരണ പ്രക്രിയയാണ് ക്യാമ്പയിന്റെ പ്രധാനലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ബോധവല്കരണവും അയൽക്കൂട്ട തലത്തിൽ അതിക്രമങ്ങൾക്കെതിരായ ഇടപെടലുകളും അയൽക്കൂട്ട, വാർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപന, ജില്ലാ തലങ്ങളിൽ സ്ത്രീപക്ഷ കർമ്മപദ്ധതി തയാറാക്കലുമൊക്കെയാണ് നടപ്പിലാക്കുന്നത്. വീടിന്റെയും കുടുംബത്തിന്റെയും അകത്തുനിന്നാരംഭിച്ച് സമൂഹത്തിന്റെ തലങ്ങളില്‍ നിന്നും സ്ത്രീധനവും സ്ത്രീപീഡനവും തുടച്ചുമാറ്റുന്നതിനുള്ള മഹത്തായൊരു യജ്ഞമാണിത്. തീര്‍ച്ചയായും സമൂഹമാകെ മനസുകൊണ്ട് പ്രതിരോധിക്കുമ്പോള്‍ മാത്രമേ ഇത്തരം തിന്മകള്‍ ഇല്ലാതാക്കുന്നതിനു സാധിക്കുകയുള്ളൂ. ആദ്യം വീട്ടില്‍നിന്നാണ് ഇവയെ പടിക്കു പുറത്താക്കേണ്ടത്. അങ്ങനെ വന്നാല്‍ ഇത് സമൂഹത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായിക്കൊള്ളും. അതിനുവേണ്ടി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കുടുംബങ്ങളും വീടുകളുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള കുടുംബശ്രീയെ അടിത്തറയാക്കി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ നവ കേരളം, സംസ്ഥാനം ഏറ്റെടുത്ത് മഹാപ്രസ്ഥാനമാക്കേണ്ട ക്യാമ്പയിനാണ്.

Exit mobile version