Site iconSite icon Janayugom Online

വയനാട്ടിന്റെ മണ്ണില്‍ പ്രത്യാശയുടെ പുതിയ വെളിച്ചം: മുഖ്യമന്ത്രി

വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്. 

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ. 

ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി മുഖ്യമന്ത്രി അറിയിച്ചു. ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്. പ്രതിസന്ധികളിൽ പതറാത്ത മനസോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version