Site iconSite icon Janayugom Online

പുതിയ ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ കോവിഡ് തരംഗത്തിന് കാരണമായേക്കും

omicron variantomicron variant

ഒമിക്രോണിന്റെ പുതിയ രണ്ട് ഉപവകഭേദങ്ങള്‍ നിലവിലുള്ള കോവിഡ് ആന്റിബോഡികളെ മറികടക്കുമെന്ന് പഠനം. ഇത് അടുത്ത കോവിഡ് തരംഗത്തിന് കാരണമായേക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ക്ക് നിലവിലുള്ള ആന്റിബോ‍ഡികളെ മറികടക്കാന്‍ കഴിയും. എന്നാല്‍ വാക്സിന്‍ എടുത്തവരുടെ രക്തത്തില്‍ ഈ വൈറസിന് അതിജീവിക്കാന്‍ കഴിയില്ലെന്നും വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് ബിഎ.4,ബിഎ.5 വകഭേദങ്ങളെ ലോകാരോഗ്യസംഘടന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം അവസാനം ആദ്യമായി ഒമിക്രോണ്‍ ബാധിച്ച 39 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 15 പേര്‍ മാത്രമാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നത്. വാക്സിന്‍ എടുത്തവരിലെ ആന്റിബോഡിയുടെ ചെറുത്തുനില്‍പ് അഞ്ചിരട്ടിയാണ്. വാക്സിന്‍ എടുക്കാത്തവരില്‍ ഇത് എട്ടിരട്ടി കുറവാണ് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക അഞ്ചാം കോവിഡ് തരംഗത്തിലേക്ക് കടക്കുന്നതായി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഎ.4, ബിഎ.5 വകഭേദങ്ങളുടെ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുതുടങ്ങിയത്.

60 ദശലക്ഷമാണ് ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യ. ഇതില്‍ 30 ശതമാനം മാത്രമാണ് മുഴുവന്‍ ഡോസ് കോവി‍ഡ് വാക്സിനും സ്വീകരിച്ചത്. ആന്റിബോഡിയെ നിര്‍വീര്യമാക്കാനുള്ള ബിഎ.4, ബിഎ.5 ഉപവകഭേദത്തിന്റെ കഴിവിന് അനുസരിച്ചായിരിക്കും രാജ്യത്ത് കോവിഡ് തരംഗം പ്രതിഫലിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ നാലാംതരം​ഗമില്ല: ഐസിഎംആര്‍

നിലവിലുള്ള കോവിഡ് കേസുകളിലെ വര്‍ധനവിനെ രാജ്യത്തെ നാലാംതരം​ഗമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐസിഎംആര്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ. ജില്ലാ തലങ്ങളില്‍ കോവിഡ് കണക്കുകളില്‍ ചില കുതിപ്പ് കാണുന്നുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ.

രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കും. കോവിഡ് കൂടുന്നതിന് അനുസരിച്ച്‌ ഹോസിപിറ്റല്‍ പ്രവേശനം കൂടുന്നില്ല എന്നതും മറ്റൊരു കാരണമായി അദ്ദേഹം പറയുന്നു. രാജ്യത്ത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

Eng­lish Summary:New Omi­cron sub­species may cause the covid wave
You may also like this video

Exit mobile version