Site iconSite icon Janayugom Online

ശാഖാകുമാരി വധക്കേസ്; സ്വത്ത് മോഹിച്ച് വിവാഹം, 28കാരന്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്

നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.  2020 ഡിസംബര്‍ 26ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം . 52 കാരിയായ ശാഖാകുമാരി വമ്പിച്ച സ്വത്തിന് ഉടമയായിരുന്നു.  വിവാഹം വേണ്ടെന്ന് വെച്ചിരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച 28 കാരനായ അരുണ്‍ പ്രണയത്തില്‍ കുരുക്കിയത്.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ ലൈറ്റ് മൃതദേഹത്തിന് സമീപമിട്ട അരുണ്‍, സീരിയല്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നാണ് പറഞ്ഞത്. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാഖാകുമാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Exit mobile version