Site iconSite icon Janayugom Online

നിജ്ജര്‍ വധം: ആസൂത്രണം അമിത് ഷായെന്ന് കാനഡ

സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡ. കാനഡയിലെ സിഖ് വിഘടനവാദികളെ ഭയപ്പെടുത്തുന്നതിനോ, കൊല്ലുന്നതിനോ ഉള്ള സംഘടിത പ്രവര്‍ത്തനത്തിന് അമിത്ഷാ നേതൃത്വം നല്‍കിയെന്ന് കനേഡിയന്‍ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസണ്‍ മൊഴിനല്‍കി.
കാനഡയിലെ തെരഞ്ഞെടുപ്പിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ ഏജന്റുമാര്‍ ഇടപെട്ടു എന്ന വിഷയത്തില്‍ നടന്ന പൊതു, ദേശീയ സുരക്ഷാ സ്റ്റാന്റിങ് കമ്മിറ്റി ഹിയറിങ്ങിലാണ് മോറിസണ്‍ പരാമര്‍ശം നടത്തിയത്. അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത് താനാണെന്നും ഡേവിഡ് മോറിസന്‍ വ്യക്തമാക്കി. മാധ്യമപ്രതിനിധി തന്നെ വിളിക്കുകയും അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ആരായുകയും ചെയ്തു. അദ്ദേഹമാണ് അതെന്ന് ഞാന്‍ സ്ഥിരീകരിച്ചു, മോറിസണ്‍ പാര്‍ലമെന്ററി സമിതിയോടു പറഞ്ഞു.
നിജ്ജര്‍ വധത്തില്‍ അമിത്ഷായ്ക്ക് പങ്കുണ്ടെന്ന് ആദ്യമായാണ് കനേഡിയന്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 2023 ജൂണില്‍ വാന്‍കൂവറിന് സമീപം സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
കാനഡ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. പിന്നീട് ഇന്ത്യയും കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. 

Exit mobile version