Site icon Janayugom Online

കാനഡയിൽ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ കൂടി അന്വേഷണം

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാനഡയിൽ നടന്ന മൂന്ന് കൊലപാതകങ്ങളില്‍കൂടി അന്വേഷണം. നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റിലായതോടെ ഇന്ത്യ പ്രതിരോധത്തിലായിട്ടുണ്ട്. ഇന്ത്യയുടെ ബന്ധം അസന്നിഗ്ധമായി തെളിഞ്ഞാല്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഏറെ കോട്ടമായി മാറും.
സെപ്റ്റംബർ 20ന് വിൻപെഗിൽ വെടിയേറ്റ് മരിച്ച നിലയിൽ സുഖ്ദൂൽ സിങ് ഗില്ലിനെ (39) കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ബന്ധം പൊലീസ് സംശയിക്കുന്നതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നവംബർ 9 ന് എഡ്മണ്ടനിൽ വാഹനത്തിൽ വെച്ച് ഹർപ്രീത് ഉപ്പൽ, മകന്‍ 11 കാരനായ ഗവിൻ ഉപ്പൽ എന്നിവര്‍ കൊല്ലപ്പെട്ട സംഭവവും ഇതോടൊപ്പം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും. 

നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിക്ക് വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ തന്നെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തിക്കൊണ്ടാണ് മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റിലായിരിക്കുന്നത്.
കാനഡയില്‍ കൊലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ അറസ്റ്റിലായ മൂന്നു പേരും പഞ്ചാബ് സ്വദേശികളാണ്. ഒന്നാം ഡിഗ്രി കൊലപാതകം, കൊലപാതകത്തിന് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. 

നിജ്ജാർ കൊലപാതകത്തില്‍ സംഘത്തിലെ ഓരോരുത്തരും ഷൂട്ടർമാർ, ഡ്രൈവർമാർ, സ്‌പോട്ടർമാർ എന്നിങ്ങനെ വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്തതായി പൊലീസ് പറയുന്നു. സറേയിലും എഡ്‌മണ്ടനിലുമായാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. കരണ്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിങ്ങ് എന്നിവരാണ് അറസ്റ്റിലായവര്‍. അറസ്റ്റിലായ മൂന്നുപേരും സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയവരാണ്. എന്നാല്‍ ഇവര്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല. കരണ്‍പ്രീത് സിങ് ബട്ടാലയിലെ ഗനി കെ ബംഗാര്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പിതാവ് സുഖ്ദേവ് സിങ്, സര്‍വന്‍ സിങ് പാന്ഥര്‍ രൂപീകരിച്ച കര്‍ഷക സംഘ‍ടനയായ പാന്തേഴ്സ് ഗ്രൂപ്പിലെ അംഗമായിരുന്നുവെന്നാണ് പഞ്ചാബ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സുഖ്ദേവ് സിങ്ങിനും മകനും കര്‍ഷക സംഘടനകളുമായി ബന്ധമില്ലെന്ന് സര്‍വന്‍ സിങ് പന്ഥാര്‍ പറഞ്ഞു. 

ട്രക്ക് ഡ്രൈവര്‍മാരായ പിതാവും മകനും മൂന്നു വര്‍ഷം മുമ്പ് കാനഡയിലേയ്ക്ക് കുടിയേറിയെന്നും ശേഷം സുഖ്ദേവ് സിങ്ങ് ഇന്ത്യയിലേക്ക് മടങ്ങിയെന്നും സര്‍വന്‍ സിങ്ങ് പറയുന്നു. കരണ്‍ ബ്രാര്‍ കോട്ടക് പുര സ്വദേശിയാണ്. കരണ്‍ ബ്രാറിന്റെ മാതാവ് രമണ്‍ ബ്രാര്‍ സിംഗപ്പൂരിലാണ് താമസിക്കുന്നതെങ്കിലും അമൃത്സര്‍ സന്ദര്‍ശിക്കാന്‍ എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
2023 ജൂണ്‍ 18 ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചായിരുന്നു നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുകളാണ് കൊലപ്പെടുത്തിയതെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം രണ്ട് രാജ്യങ്ങളും തമ്മില്‍ വന്‍ തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിലേക്ക് വരെ ബന്ധം വഷളായിരുന്നു.

Eng­lish Summary:Nijjar mur­der: All three arrest­ed are natives of Punjab
You may also like this video

Exit mobile version