വൈന്‍ വിപണി കീഴടക്കാനൊരുങ്ങി വാഴക്കുളത്തെ പൈനാപ്പിള്‍ മധുരം. വൻകിട ബ്രാൻഡുകൾ മത്സരിക്കുന്ന കേരളത്തിലെ വൈൻ വിപണിയില്‍ കേരള കാർഷിക സർവകലാശാല വികസിപ്പിക്കുന്ന നിള വൈൻ ചുവടുറപ്പിക്കുന്നതോടെ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകരും പ്രതീക്ഷയില്‍. കേരളത്തിന്റെ തനതു പഴങ്ങളായ കശുമാങ്ങ, പൈനാപ്പിൾ, പഴം എന്നിവയുടെ സ്വാദുമായാകും നിള വൈനെത്തുക. സംസ്ഥാനത്ത് ആദ്യമായി എക്സൈസ് അംഗീകാരം ലഭിക്കുന്ന വൈൻ കൂടിയാണ് നിള.
12.5 ശതമാനം ആല്‍ക്കഹോളുള്ള പൈനാപ്പിള്‍ വൈനിന് മൗറീഷ്യസ് ഇനത്തിലുള്ള പൈനാപ്പിളാണ് ഉപയോഗിക്കുന്നത്. പൈനാപ്പിള്‍ ഉല്പാദനത്തില്‍ മുന്നിലുള്ള എറണാകുളം ജില്ലയില്‍ ധാരാളമായി കൃഷി ചെയ്ത് വരുന്ന ഇനമാണ് മൗറീഷ്യസ്. വാഴക്കുളം ഇനം എന്ന് അറിയപ്പെടുന്ന മൗറീഷ്യസ് പൈനാപ്പിൾ വൈന്‍ നിര്‍മ്മാണത്തിനായി സംഭരിക്കുകയാണെങ്കില്‍ അതിന്റെ ഗുണം പൈനാപ്പിള്‍ കര്‍ഷകര്‍ക്കും ലഭിക്കുമെന്നതാണ് പ്രതീക്ഷക്ക് ആക്കം കൂട്ടുന്നത്. മധുരവും സൗരഭ്യവും കൂടുതലുള്ള ഇനമാണ് ഇത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഇടുക്കിയിലെ മലങ്കര ഉള്‍പ്പെടെയുള്ള ഇടങ്ങളിലും പൈനാപ്പിള്‍ കൃഷി ഇപ്പോള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ചുവടുവയ്പ്പിനെ സ്വാഗതം ചെയ്യുന്നതായി പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോണ്‍ ജനയുഗത്തോട് പറഞ്ഞു.
വൈന്‍ നിര്‍മ്മാണത്തിനായി കര്‍ഷകരില്‍ നിന്ന് എത്ര അളവില്‍ പൈനാപ്പിള്‍ സംഭരിക്കപ്പെടുമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിവായി വരുന്നതേയുള്ളുവെന്നും വിപണി വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തില്‍ ആറ് ലക്ഷം ടണ്‍ പൈനാപ്പിള്‍ വാര്‍ഷികമായി ഉല്പാദിപ്പിക്കപ്പെടുമ്പോള്‍ ഇതില്‍ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിലവില്‍ പൈനാപ്പിള്‍ പഴത്തിന് 52 രൂപയും പച്ചയ്ക്ക് 41 രൂപയും വിപണി വിലയുണ്ട്. ഏപ്രില്‍ മാസത്തോട് കൂടി ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പൈനാപ്പിളിന് ആവശ്യക്കാരേറുന്നതോടെ വില ഉയരും. വൈന്‍ ഉല്‍പ്പാദനത്തിന് മൗറീഷ്യസ് പൈനാപ്പിളിന് ആവശ്യമേറിയാല്‍ മറ്റ് സീസണുകളില്‍ ഉണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പിടിച്ചു നിര്‍ത്താനാകുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.