ഇന്ന് രാവിലെ 7 മണിമുതൽ നിലമ്പൂർ വിധിയെഴുതാൻ തുടങ്ങി. കനത്ത മഴയിലും ബൂത്തുകളിൽ വോട്ടർന്മാരുടെ നീണ്ട നിര ദൃശ്യമാണ്. ആദ്യ അര മണിക്കൂറിൽ 4 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഘട്ടത്തിലാണ് മഴ പെയ്ത് തുടങ്ങിയത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നതെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും എൽ ഡി എഫ് സ്ഥാനാർത്ഥി സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ പകർന്നു നൽകിയ ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. സ്വന്തം ബൂത്തിൽ ആദ്യത്തെ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. ഇടതുപക്ഷം ജയിക്കുമെന്ന് അവർ പ്രതികരിച്ചു. വീണ്ടും ചിഹ്നത്തിൽ വോട്ട് ചെയ്യാനായതിൽ സന്തോഷം. തന്റെ വോട്ട് സ്വരാജിനെന്നും നിലമ്പൂർ ആയിഷ പറഞ്ഞു.

