കുരിയച്ചിറ സ്വദേശിയായ യുവതിയിൽ നിന്നും വ്യാജ ഫോൺകോളിലൂടെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നു ചമഞ്ഞ്സൈബർ തട്ടിപ്പുകാർ 9,50,000 രൂപ തട്ടിയെടുത്ത ഉടൻതന്നെ, ഇതു തിരിച്ചറിഞ്ഞ് യുവതി സൈബർ ഫിനാൻഷ്യൽ ക്രൈം ഹെൽപ്പ് ഡെസ്ക്ക് നമ്പർ ആയ 1930 ലേക്ക് വിളിച്ച് റിപ്പോർട്ടു ചെയ്തതിനാൽ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും യുവതിക്ക് മുഴുവൻ പണവുംതിരിച്ചു ലഭിക്കുകയും ചെയ്തു.
ഡൽഹി കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും മലേഷ്യയിലേയ്ക്ക് അയച്ച പാഴ്സലിൽ നിയമവരുദ്ധമായ ചില വസ്തുക്കൾ ഉണ്ടെന്നും അതിനാൽ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് സൈബർ ഫ്രോഡുകൾ പണം തട്ടിയെടുത്തത്. സൈബർതട്ടിപ്പിൽ പണം നഷ്ടപെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പരിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അറിഞ്ഞിരുന്ന യുവതി അപ്പോൾതന്നെ അതു ചെയ്യുകയും തുടര്‍ന്ന് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുടെ ഫ്രീസ് ചെയ്ത അക്കൗണ്ടിൽ നിന്നും മുഴുവൻ പണവും തിരിച്ചെടുക്കാൻ സാധിച്ചു. ഉടനെ 1930 നമ്പറിലേക്ക് വിളിച്ചതിനാല്‍ മാത്രമാണ് പണം തിരികെ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.