Site iconSite icon Janayugom Online

കോവിഡ് കാലത്ത് നെടുങ്കണ്ടത്ത് നിർത്തലാക്കിയത് ഒൻപത് സർവീസുകൾ

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ നെടുങ്കണ്ടം കെഎസ്ആർടിസി നട്ടംതിരിയുന്നു. കോവിഡിന് മുമ്പ് നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിൽ 19 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഒൻപതായി ചുരുക്കി. മറ്റ് ഡിപ്പോകളിൽ നിന്നും നെടുങ്കണ്ടത്ത് എത്തിയിരുന്ന 24 കെഎസ്ആർടിസി ബസ് സർവീസുകൾ ഇപ്പോൾ പത്തായി ചുരുങ്ങി. കോവിഡിനെ തുടർന്ന് ദീർഘദൂര സർവീസുകൾ അടക്കം ഹൈറേഞ്ചിലേയ്ക്കുള്ള പല സർവീസുകളും വെട്ടികുറച്ചു. ശിവഗിരിയ്ക്ക് പോയിരുന്ന കെഎസ്ആർടിസി കൊല്ലം വരയും, എറണാകുളം, കുമളി വഴി ചങ്ങാശ്ശേരി, വണ്ണപ്പുറം വഴി കോട്ടയം, കട്ടപ്പന വഴി കോട്ടയം, തിരുവനന്തപുരം, തൊടുപുഴ വഴി കോട്ടയം, കട്ടപ്പന വഴി കോട്ടയം പാലക്കയംതട്ട് എന്നി ഒൻപത് സർവീസുകൾ മാത്രമാണ് നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്നും സർവീസ് നടത്തുന്നത്.

യാത്രക്ലേശം വളരെ അധികം അനുഭവപ്പെടുന്ന ഹൈറേഞ്ചിലെ ജനങ്ങൾക്ക് ഇതൊരു വലിയ തിരിച്ചടിയാണ്. 2019 നവംബറിൽ 43 ഡ്രൈവറും, 33 കണ്ടക്ടർമാരും ഉണ്ടായിരുന്ന സ്ഥാനത്ത് 25 കണ്ടക്ടർമാരും, 29 ഡ്രൈവർമാരും മാത്രമായി സെന്റർ ഒരുങ്ങി. ശബരിമല സീസണിൽ ഡ്യൂട്ടിയിൽ ഇവരെ ഉൾപ്പെടുത്തിയാൽ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയും. രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന കുമളി വഴി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കുറവ് മൂലം അടുത്തിടെ നിർത്തലാക്കി. കോവിഡിന് മുമ്പ് കട്ടപ്പനയിൽ നിന്നും ആറ് സർവീസുകൾ നെടുങ്കണ്ടത്തേയ്ക്ക് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള‍ അത് ഒരു സർവീസ് മാത്രമായി ഒതുങ്ങി. കോട്ടയത്തേയ്ക്ക് കോവിഡിന് മുമ്പ് ഉണ്ടായിരുന്ന മൂന്ന്, പൊൻകുന്നത്തേയ്ക്ക് പുറപ്പെട്ടിരുന്ന രണ്ട്, തലശ്ശേരി, കുമളി, ചെങ്ങന്നൂർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേയ്ക്ക് നടത്തിയിരുന്ന ഓരോ സർവീസുകൾ അടക്കം ഒൻപത് സർവീസുകളാണ് പൂർണമായും നിർത്തലാക്കിയത്. ചങ്ങനാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേയ്ക്ക് ഉണ്ടായിരുന്ന രണ്ട് സർവീസുകൾ വെട്ടിചുരുക്കി ഓന്നാക്കി മാറ്റി.

തിരുവനന്തപുരം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പയ്യന്നൂർ എന്നിവിടങ്ങളിലേയ്ക്ക് മാത്രം ആദ്യം മുതലുളള സർവീസുകൾ ഇപ്പോഴും തുടരുന്നു എന്നത് മാത്രമാണ് ഹൈറേഞ്ചുകാരുടെ ഏക ആശ്വാസം. തിരുവനന്തപുരത്തേയ്ക്ക് മൂന്നും, ബാക്കിയുള്ള ഇടങ്ങളിലേയ്ക്ക് ഓരോന്നും വീതമാണ് ഇപ്പോഴും സർവീസ് തുടരുന്നത്. കട്ടപ്പന ഡിപ്പോയിൽ നിന്നും നെടുങ്കണ്ടത്ത് എത്തിയിരുന്ന പാലക്കാട്, തിരുവന്തപുരം, ഗുരുവായൂർ, എറണാകുളം എന്നിവയും സ്കൂൾ കുട്ടികൾ അടക്കം ഏറെ പേർക്ക് പ്രയോജനം ലഭിച്ചിരുന്ന ബഥേൽ വഴി മുരിക്കാശേരിയ്ക്ക് വൈകിട്ട് നാലിന് പോകുന്ന കെഎസ്ആർടിസി എന്നിവയുടെ ഓട്ടം നിലച്ചത് ഹൈറേഞ്ച്കാരുടെ ഏറെ ബുദ്ധിമുട്ടിലാക്കി. വിനോദസഞ്ചാരത്തിന് ഏറെ പ്രശസ്തിയാർജ്ജിച്ച ഹൈറേഞ്ചിലേയ്ക്ക് കൂടുതൽ കെഎസ്ആർടിസി അനുവദിക്കുന്നത് കെഎസ്ആർടിസിയ്ക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും ഒപ്പം ഹൈറേഞ്ചിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവുകയും ചെയ്യും.

eng­lish sum­ma­ry: Nine ser­vices were dis­con­tin­ued at Nedumkan­dam dur­ing the covid period

you may also like this video

Exit mobile version