ജനിതക രോഗം സ്ഥിരീകരിച്ച നിർവാൻ സാരംഗിന്റെ ചികിത്സയ്ക്കായി ആരംഭിച്ച ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു. ഒന്നര വയസുകാരൻ നിർവാന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപയാണ് വേണ്ടത്. 17 കോടിയോളം രൂപ ഇതിനകം ലഭിച്ചതിനാലാണ് ഫണ്ടിങ് അവസാനിപ്പിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രൗഡ് ഫണ്ടിങ് നടന്നത്. തിങ്കളാഴ്ച, ഒറ്റയടിക്ക് 1.4 മില്യൻ ഡോളർ (ഏകദേശം 11.6 കോടി രൂപ) അക്കൗണ്ടിലേക്ക് ഒരാൾ അയച്ചതോടെയാണ് ഏറെ ആശ്വാസമായത്. എന്നാൽ ഇത് ആരാണ് അയച്ചതെന്ന് വ്യക്തമല്ല. ‘കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല’ എന്ന് പണമയച്ചയാൾ പറയുന്നു.
ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസിൽനിന്നാണ് പണം ക്രെഡിറ്റ് ആയതെന്ന് പിതാവ് സാരംഗ് പറയുന്നു. ആറു മാസത്തിലേറെ സമയമെടുക്കുമെന്ന് കരുതിയ പ്രയത്നമാണ് നന്മ നിറഞ്ഞ ഒരാളുടെ കാരുണ്യത്താൽ ഒന്നരമാസം കൊണ്ട് പൂർത്തിയായത്. പണം ലഭിച്ചതോടെ മരുന്നിനു വേണ്ടി യുഎസിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. മരുന്ന് യുഎസിൽ നിന്ന് മുംബൈയിലെ ഡോക്ടർക്കാണ് അയച്ചുകൊടുക്കുക. പണം അടയ്ക്കേണ്ട സമയമാകുമ്പോഴേക്കും ബാക്കി തുക സ്വരൂപിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കുടുംബം.
ഒരു വയസായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മടി കാണിച്ചതോടെയാണു മുംബൈയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ എസ്എംഎ ടൈപ്പ് 2 ആണെന്ന് ജനുവരി അഞ്ചിന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശിയായ സാരംഗ് മേനോനും എറണാകുളം അങ്കമാലി സ്വദേശിനിയായ ഭാര്യ അദിതി നായരും രണ്ടു വർഷമായി മുംബൈയിലാണ് താമസം.
ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്ന് രണ്ടുവയസിനു മുമ്പ് നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. നിർവാന് രണ്ടുവയസാകാൻ ഇനി മാസങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളു.
English Summary: Nirvana Now Stand Upright: Hands of Mercy Across Continents
You may also like this video