Site iconSite icon Janayugom Online

നിസാര്‍ ഇന്ന് കുതിക്കും; ഭൗമ നിരീക്ഷണത്തില്‍ ഇന്ത്യ — യുഎസ് സഹകരണം

ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നിസാര്‍’ (നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍) ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്-16 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയരും. ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐഎസ്ആർഒയുടെ ഏറ്റവും ചെലവേറിയ ഉപഗ്രഹമെന്ന പ്രത്യേകത നിസാറിനുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമായി മാറുന്ന ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചെലവ് 13,000 കോടിക്ക് മുകളിലാണ്. 

ഭൗമോപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് പ്രധാന ദൗത്യം. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം നിസാർ കണ്ടെത്തും. പ്രതികൂല കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാൻ നിസാര്‍ ഉപഗ്രഹത്തിനാകും. ഡ്യുവൽ‑ഫ്രീക്വൻസി റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭൗമ നിരീക്ഷണ ദൗത്യമാണിത്. 24 സെന്റിമീറ്റർ തരംഗദൈർഘ്യമുള്ളതാണ് നാസ വികസിപ്പിച്ച എൽ‑ബാൻഡ്. ലാൻഡ്‌സ്കേപ്പ് ടോപ്പോഗ്രാഫിയിലും ഇടതൂർന്ന വനങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിലും ഇത് ഫലപ്രദമാണ്. 12 സെന്റീമീറ്റർ തരംഗദൈർഘ്യമുള്ളതാണ് ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത എസ്-ബാൻഡ്. ഇത് മണ്ണിലെ ഈർപ്പം, ചെറിയ സസ്യജാലങ്ങൾ ഉള്ള പ്രദേശങ്ങൾ, ധ്രുവപ്രദേശങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ അനുയോജ്യമാണ്. 

ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുക. വിക്ഷേപിച്ച് മൂന്നുമാസത്തിനുശേഷമായിരിക്കും ഉപഗ്രഹം പ്രവര്‍ത്തന സജ്ജമാവുക. ഉപഗ്രഹം ബഹിരാകാശത്ത് എത്തി പത്താം ദിവസമാണ് 12 മീറ്റർ വ്യാസമുള്ള റഡാർ റിഫ്ലക്‌ടർ വിടർത്തി തുടങ്ങുക. ഒരു തവണ ഭൂമിയെ വലംവയ്ക്കാന്‍ നിസാറിന് വേണ്ടത് 12 ദിവസമാണ്. അഞ്ച് വർഷത്തെ ദൗത്യ കാലാവധിയാണ് നിസാര്‍ ഉപഗ്രഹത്തിന് നിശ്ചയിച്ചിരിക്കുന്നത്. ഈ അഞ്ച് വർഷം കൊണ്ട് പ്രകൃതി ദുരന്തങ്ങളെ പ്രവ‍ചിക്കുകയും നേരിടുകയും ചെയ്യുന്ന രീതി തന്നെ നിസാര്‍ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പം, അഗ്നിപർവത വിസ്ഫോടനം, വന നശീകരണം തുടങ്ങി ഭൂമിക്കടിയിലെ മാറ്റങ്ങൾ, കാര്‍ഷിക രംഗത്തുണ്ടാകുന്ന മണ്ണിലെ ഈർപ്പവും വിളകളുടെ വളർച്ച എന്നിവയും നിസറിന് നിരീക്ഷിക്കാനാകും. 

Exit mobile version