Site icon Janayugom Online

ഞാനും ഞാനും

njanum
ഒറ്റയ്ക്കിരുന്നു
നാവ് ചവർക്കുമ്പോൾ
അടുക്കളയിലെ
കൽക്കണ്ടപ്പാട്ടയിൽ നിന്ന്
ഒന്നെടുത്ത്
അവൾക്ക് രുചിക്കാൻ
കൊടുക്കാറുണ്ട് 
നീറുന്ന വേദന
കണ്ണു നിറയ്ക്കുമ്പോൾ
അലമാരയിൽ നിന്ന്
കൈതപ്പൂമണമുള്ളൊരു തൂവാല
അവൾക്ക് മിഴിയൊപ്പാൻ നൽകാറുണ്ട് 
അമ്മയെ കാണണമെന്നു തോന്നുമ്പോൾ
കണ്ണടവച്ച്, 
നരച്ച മുടിയിഴകൾ പ്രദർശിപ്പിച്ച്, 
മുടിയിൽ ഒരമ്മക്കെട്ടും കെട്ടി
നിലക്കണ്ണാടിയ്ക്കു മുന്നിൽ
തണൽ മരമാകാറുണ്ട് 
പുലർമഞ്ഞിൽ തണുപ്പേറ്റ്
കുളിരുമ്പോൾ
ഓമനത്തമുളെളാരു കുട്ടിപ്പുതപ്പ് കൊണ്ട്
ഞാനവളെ പുതപ്പിക്കാറുണ്ട്. 
നറുഗന്ധമുള്ളൊരു ചുക്കുകാപ്പിയാൽ
ചുണ പകരാറുണ്ട് 
എന്റെ കരുതലില്ലായ്മയിൽ
തെന്നിവീഴാൻ തുടങ്ങുന്ന അവളെ
ഭിത്തിയിൽ ഊന്നി
നേരെയാക്കാറുണ്ട് 
ഇഷ്ടമുള്ള ഭക്ഷണം സ്വയമുണ്ടാക്കി
തീൻമേശയിൽ അടച്ചു വച്ച്, 
കുളിപ്പിച്ച്, പുതിയൊരുടുപ്പുമിടീച്ച്
ഞാനവളെ ഇരുത്തി
കഴിപ്പിക്കാറുണ്ട് 
കലണ്ടറിൽ
ചുവന്ന പേനയാൽ
പിറന്നാളും കരണ്ടു ബിൽഡേറ്റും
പാലിന്റെ കണക്കും
കുത്തി നിറച്ചതിന് ഞാനവളെ
കണക്കിന് വഴക്കു പറയാറുമുണ്ട് 
ബഹുമാനപ്പെട്ട കോടതി
ഒരിക്കലും ഞങ്ങളെ
പിരിക്കാനുള്ള നടപടിയുമായി
മുന്നോട്ട് പോകരുത്
Exit mobile version