നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇരവിപുരത്ത് മകനെ സ്ഥാനാർത്ഥിയാക്കാൻ ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. പ്രേമചന്ദ്രന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ പ്രധാന ചുമതല മകൻ കാർത്തിക് പ്രേമചന്ദ്രന് ആയിരുന്നു. മകന്റെ തന്ത്രങ്ങൾ തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്‌തുവെന്നായിരുന്നു പ്രേമചന്ദ്രന്റെ വിലയിരുത്തൽ. അതെ സമയം ചര്‍ച്ചകള്‍ തുടങ്ങും മുന്നേയുള്ള പ്രസ്താവനകൾ മനോ വൈകൃതമുള്ളവരുടേതാണെന്ന് ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാർത്തിക്ക് അടക്കം മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാർത്ഥിയാകണം എന്ന നിർദേശവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ എം എസ് ഗോപകുമാറിന്റെയും സുധീഷ് കുമാറിന്റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. ആര്‍എസ്‍പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ്, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ആർ എസ് പി യുഡിഎഫിൽ ചേർന്നതോടെ തുടർച്ചയായി പരാജയപ്പെട്ട മണ്ഡലമാണ് ഇരവിപുരം. 2016ല്‍ എഎ അസീസും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ച് തോറ്റു. രണ്ട് തവണയും എല്‍ഡിഎഫിലെ എം നൗഷാദ് ആണ് വിജയിച്ചത്.

