Site iconSite icon Janayugom Online

ആര്‍എസ്എസുമായി യോജിപ്പിന്റെ ഒരു മേഖലയും ഇല്ല: മുഖ്യമന്ത്രി

ഒരുകാലത്തും ആര്‍എസ്എസുമായി യോജിപ്പിന്റെ ഒരു മേഖലയും സിപിഐ(എം)ന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍എസ്എസുമായി അന്നും ഇന്നും സന്ധി ചെയ്തിട്ടില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐ(എം) തങ്ങളുടെ രാഷ്ട്രീയം എവിടെയും തുറന്നുപറയാറുണ്ട്. ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല.

ആർഎസ്എസ് ചിത്രങ്ങളെ ചിലർ താണുവണങ്ങിയത് എല്ലാവരും കണ്ടതാണ്. എന്നാല്‍ തല ഉയര്‍ത്തി തന്നെ കോണ്‍ഗ്രസിനെയും ലീഗിനെയും ആര്‍എസ്എസിനെയും എതിര്‍ക്കാൻ സിപിഐ(എം) തയ്യാറായിട്ടുണ്ട്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് പറഞ്ഞത് മുൻ കെപിസിസി പ്രസിഡന്റാണ്. ആര്‍എസ്എസ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്നവരാണ്. അതിനെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെയാണ് അവര്‍ ശത്രുക്കളായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്‍ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version