മാധ്യമങ്ങളില്ലങ്കിൽ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ കേൾക്കാൻ നിങ്ങൾ തയാറാവണം. സത്യം പുറത്ത് വരുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേൾക്കാൻ സഹിഷ്ണുത കാട്ടണം. നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും ഷിരൂരിൽ അർജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സി ഐ സി സി ജയചന്ദ്രൻ, സി ജി രാജഗോപാൽ, കെ എൻ ഇ എഫ് സംസ്ഥാന പ്രസിഡന്റ് ഇ എസ് ജോൺസൺ, എം വി വിനീത, ആർ കിരൺ ബാബു എന്നിവർ സംസാരിച്ചു.