ഇലക്ടറല്‍ ബോണ്ടുകള്‍ വിലക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയും മറ്റൊരാളും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്.
ഹര്‍ജികള്‍ പരിശോധിച്ചതില്‍ രേഖയില്‍ ഒരു തെറ്റും വ്യക്തമല്ല. 2013ലെ സുപ്രീം കോടതി ചട്ടങ്ങള്‍ റൂള്‍1 പ്രകാരം പുനഃപരിശോധിക്കേണ്ട കേസല്ല. അതിനാല്‍ ഹര്‍ജികള്‍ തള്ളുന്നുവെന്നാണ് കോടതി പറഞ്ഞത്. സെപ്റ്റംബർ 25ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇന്നലെയാണ് കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ കൊണ്ടുവന്ന ബോണ്ട് സംവിധാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിങ്ങിലെ സുതാര്യത ലക്ഷ്യമിട്ടെന്ന് കൊട്ടിഘോഷിച്ചിരുന്നെങ്കിലും അതിന്റെ പ്രധാന ഗുണഭോക്താക്കള്‍ അധികാരത്തിലിരുന്ന മോഡി സര്‍ക്കാരും ബിജെപിയും ആയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അതൊന്നും ബിജെപിക്കും സര്‍ക്കാരിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ ചെറുക്കാന്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ ശക്തിയുള്ളതായിരുന്നില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി കോര്‍പറേറ്റ് ഫണ്ടുകള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ വാരിക്കൂട്ടി എന്ന ആരോപണം ശക്തമായതോടെ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷവും ഹര്‍ജികളുമായി സമീപിക്കുകയും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീം കോടതി വിലക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഫെബ്രുവരിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരും അംഗങ്ങളായിരുന്നു.
പൊതു മേഖലാ ബാങ്കായ എസ്ബിഐ മുഖേനയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചത്. വാദത്തിനിടെ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങള്‍ എസ്ബിഐ മറച്ചുവച്ച് ഒളിച്ചുകളി നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബോണ്ടു വില്പനയുമായി ബന്ധപ്പെട്ട് ലഭിച്ച കണക്കുകള്‍ കോടതിക്ക് കൈമാറിയതോടെയാണ് എസ്ബിഐയുടെ കള്ളക്കളി വെളിച്ചത്തായത്. ശക്തമായ നിലപാടെടുത്തതോടെ എസ്ബിഐ വിവരങ്ങള്‍ കോടതിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ടറല്‍ ബോണ്ട് വിലക്കിയുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.