Site iconSite icon Janayugom Online

ചികിത്സയിൽ ഗർഭസ്ഥശിശുവിന്റെ തകരാറുകൾ കണ്ടെത്തിയില്ല; ആശുപത്രിക്കും ഡോക്ടർമാർക്കും അഞ്ചു ലക്ഷം രൂപ പിഴ

ഗർഭകാലചികിത്സയിൽ ഗർഭസ്ഥശിശുവിന്റെ തകരാറുകൾ കണ്ടുപിടിക്കാത്തതിന് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും അഞ്ചു ലക്ഷം രൂപ പിഴ. ആലപ്പുഴ ചതുർഥ്യാകരി സ്വദേശിനി സന്ധ്യാ മനോജ് നൽകിയ പരാതിയിലാണ് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കും ഡോക്ടർമാർക്കും കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.
2016ലാണ് ഗർഭകാല ചികിത്സയ്ക്ക് സന്ധ്യാ മനോജ് ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയിലെത്തുന്നത്. ചികിത്സയുടെ എല്ലാ മാസങ്ങളിലും സ്‌കാനിംഗ് നടത്തിയെങ്കിലും 13 മുതൽ 20 വരെയുള്ള ആഴ്ചയിൽ നടത്തേണ്ട അനാട്ടമി അൾട്രാസൗണ്ട് സ്‌കാനിങ് നടത്തിയിരുന്നില്ല. പിന്നീടുള്ള സ്‌കാനിംഗിൽ പ്ലാസന്റയിൽ അപര്യാപ്തത കണ്ടെത്തിയെങ്കിലും ഗർഭസ്ഥശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമം ആശുപത്രി നടത്തിയില്ലെന്ന് കോടതി കണ്ടെത്തി. അവസാന സ്‌കാനിംഗിലും തകരാറുകൾ കണ്ടെത്തിയില്ല. കുട്ടിക്ക് അനക്കം നഷ്ടപ്പെട്ടതായി തോന്നി പ്രസവം നേരത്തെയാക്കാൻ അഭ്യർഥിച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 

പുതിയ ആശുപത്രിയിലെ സ്‌കാനിങിൽ കുട്ടിക്ക് വൈകല്യങ്ങൾ കണ്ടെത്തുകയും പ്രേരിതപ്രസവത്തിന് വിധേയയാവുകയും പ്രസവിക്കുകയും ചെയ്തു. പ്രകടമായ വൈകല്യങ്ങൾ ഉള്ള കുട്ടിക്ക് ജനിച്ചപ്പോൾതന്നെ ജീവനില്ലായിരുന്നു. ഇതിൽ മാനസികമായി തകർന്ന സന്ധ്യാ മനോജ് ചികിത്സാപിഴവിന് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. നിരവധി തവണ സ്‌കാനിങ് നടത്തിയിട്ടും കുട്ടിയുടെ വൈകല്യങ്ങൾ തിരിച്ചറിയാൻ ആവശ്യമായ പരിശോധന കൃത്യസമയത്ത് നടത്താത്തത് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച ആണെന്നും അതു പരാതിക്കാരിയെയും കുടുംബത്തെയും മാനസികവിഷമത്തിലേക്ക് തള്ളിവിട്ടുവെന്നും കമ്മീഷൻ കണ്ടെത്തി.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അധികൃതർ, ഗൈനക്കോളജിസ്റ്റ് ഡോ. മരിയ, റേഡിയോജിസ്റ്റുമാരായ ഡോ. ദിലീപ് പി. ചന്ദ്രശേഖർ, ഡോ. എസ്.എം. ശരത് ബാബു, ഡോ. നവീൻ ജെ. ടോം. ഡോ. ഗീതു ജോൺ എന്നിവരിൽനിന്നാണ് അഞ്ചു ലക്ഷം രൂപ ഈടാക്കാൻ കോടതി വിധിച്ചത്. പ്രസിഡന്റ് വി.എസ്. മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

Eng­lish Sum­ma­ry: No fetal abnor­mal­i­ties were detect­ed dur­ing treat­ment; Hos­pi­tal and doc­tors fined Rs 5 lakh

You may also like this video

Exit mobile version