മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ യാത്രക്കാര്‍ ഭക്ഷണമോ മറ്റ് സഹായങ്ങളോ ലഭ്യമാകാതെ 13 മണിക്കൂര്‍ കുവൈറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നതായി പരാതി. എഞ്ചിന്‍ തീപിടുത്തത്തെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയതാണ് കാരണം. ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ കുവൈറ്റ് എയര്‍പോര്‍ട്ടിലെ അധികൃതരുമായി തര്‍ക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
തങ്ങളെ ഉപദ്രവിച്ചെന്നും യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനക്കമ്പനി താമസ സൗകര്യം ഏര്‍പ്പെടുത്തിയതെന്നുെ യാത്രക്കാര്‍ ആരോപിക്കുന്നു. ഇന്ത്യ, പാകിസ്താന്‍, മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള യാത്രക്കാരോട് പക്ഷാപാതപരവും ഉപദ്രവകരവുമായ സമീപനമായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.