Site iconSite icon Janayugom Online

ശുദ്ധവായുവില്ല; വടക്കേ ഇന്ത്യയില്‍ മരുന്ന് വില്പന കുതിക്കുന്നു

വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ രോഗങ്ങളുടെ മരുന്ന് വില്പന റെക്കോഡ് കുതിപ്പില്‍. ശ്വാസകോശ രോഗങ്ങള്‍ക്കായി ഇന്‍ഹേലര്‍ വഴി ഉപയോഗിക്കുന്ന ഫോറാകോര്‍ട്ട് എന്ന മരുന്നാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. ആന്റിബയോട്ടിക്കുകളെയും പ്രമേഹ പ്രതിരോധ മരുന്നുകളെയും പിന്തള്ളിയാണ് ഫോറാകോര്‍ട്ടിന്റെ മുന്നേറ്റം. 

മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഐക്യുവിഐഎയുടെ ഒക്ടോബര്‍ മാസത്തെ വില്പന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 75 കോടിയുടെ ഫോറാകോര്‍ട്ട് ആണ് ഒക്ടോബറില്‍ വടക്കേ ഇന്ത്യക്കാര്‍ വാങ്ങിയത്. പൊതുവില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആയ ഓഗ‌്മെന്‍ന്റിന്‍(73 കോടി), പ്രമേഹ പ്രതിരോധ മരുന്നായ ഗ്ലൈകോമെറ്റ്-ജിപി(69 കോടി) എന്നിവയെ കടത്തിവെട്ടിയാണ് ഈ കുതിപ്പ്. ഇന്‍ഹേലറുകളില്‍ ഉപയോഗിക്കുന്ന മറ്റ് രണ്ട് ബ്രാന്‍ഡുകളും കൂടുതല്‍ വിറ്റഴിച്ച 20 മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്യുലിന്‍ (48 കോടി), ബുഡേകോര്‍ട്ട് (43 കോടി) എന്നിവയാണ് പട്ടികയിലിടം നേടിയത്. 

ഒക്ടോബറില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വായു മലിനീകരണം അതിരൂക്ഷമായ അവസ്ഥയിലേക്ക് കടന്നിരുന്നില്ല. സ്വീസ് ഗ്രൂപ്പ് ഐക്യുഎയറിന്റെ കണക്ക് പ്രകാരം ഒക്ടോബര്‍ മാസത്തെ ഏറ്റവും കൂടിയ വായു ഗുണനിലവാര സൂചിക 364 ആയിരുന്നു. സര്‍ക്കാരിന്റെ അളവ് പരിധി 500 എക്യുഐ ആയിരിക്കെ ഈമാസം അതെല്ലാം മറികടന്ന് വായുമലീനികരണം 1000 എക്യുഐവരെ എത്തിയ ദിവസങ്ങളുണ്ടായിരുന്നു.
ഇന്ത്യയില്‍ എക്യുഐ 200നു മുകളിലാണെങ്കില്‍ വായുഗുണനിലവാരം അപകടനിലയിലാണ്. 300ന് മുകളില്‍ ഗുരുതരം, 400ന് മുകളില്‍ അതീവ ഗുരുതരം എന്നിങ്ങനെയാണ്. പൂജ്യം മുതല്‍ നൂറുവരെയാണ് അനുവദനീയ പരിധി. വായുമലിനീകരണത്തിലുള്ള തുടര്‍ച്ചയായ വര്‍ധന ശ്വാസകോശ, പ്രതിരോധ, ന്യൂറോ, പ്രത്യുല്പാദന സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാന്‍സര്‍, ഹൃദയാഘാതം എന്നിവയ്ക്കും കാരണമാകുമെന്ന് ശാസ്ത്രീയമായ കണ്ടെത്തലുകളും ഈ കാലയളവില്‍ പുറത്തുവന്നിരുന്നു. 2021ല്‍ മാത്രം വായുമലിനീകരണത്തെ തുടര്‍ന്ന് 16 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ലാന്‍സെറ്റിന്റെ കണക്ക്. 

Exit mobile version